ഇസ്രായേലിന്റെ നിരീക്ഷണ സംവിധാനങ്ങളെ നിരന്തരം മറികടന്ന് ഹിസ്ബുല്ലയുടെ ഡ്രോണുകൾ

ഡ്രോണുകൾ കണ്ടെത്താനാകാത്തത് നിരീക്ഷണ സംവിധാനങ്ങളുടെ പോരായ്മയാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു

Update: 2024-02-21 11:59 GMT
Advertising

ഇസ്രായേലിന്റെ നിരീക്ഷണ സംവിധാനങ്ങളെ നിരന്തരം മറികടന്ന് ലെബനാനിൽനിന്ന് ഹിസ്ബുല്ല വിക്ഷേപിക്കുന്ന ഡ്രോണുകൾ. ഇസ്രായേലിന്റെ വടക്കൻ മേഖലയിൽ ഇത്തരം ഡ്രോണുകൾ ഉപയോഗിച്ച് നിരവധി ആക്രമണങ്ങളാണ് നടത്തിയത്. ഈ ഡ്രോണുകൾ കണ്ടെത്താനാകാത്തത് ഇസ്രായേലിന്റെ നിരീക്ഷണ സംവിധാനങ്ങളുടെ പോരായ്മയാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു.

വടക്കൻ മേഖലയിലെ മാതേ ആഷർ റീജിയണൽ കൗൺസിലിന്റെയും കോൺഫ്രണ്ടേഷൻ ലൈൻ ഫോറത്തിന്റെയും തലവനായ മോഷെ ഡേവിഡോവിച്ചി​ന്റെ വീട്ടുമുറ്റത്തുനിന്ന് ചൊവ്വാഴ്ച ഹിസ്ബുല്ല വിക്ഷേപിച്ച ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഇത്തരം ആളില്ലാ ഡ്രോണുകൾ ഇസ്രായേലിന്റെ എല്ലാവിധ തിരിച്ചറിയൽ സംവിധാനങ്ങളെയും മറികടക്കുകയാണെന്ന് ഡേവിഡോവിച്ച് വ്യക്തമാക്കി. കഴിഞ്ഞദിവസം ഇത്തരത്തിൽ 50 കിലോ മീറ്റർ ദൂരം സഞ്ചരിച്ച ഡ്രോൺ തബാരയയിൽ പതിച്ചിരുന്നു.

ഹിസ്ബുല്ലയുടെ ഡ്രോണുകൾ നിരന്തരം അപകടം വിതക്കുന്നത് ചെറിയ ആകാശ വസ്തുക്കളെ കണ്ടെത്തുന്നതിലെ ഇസ്രായേലിന്റെ ബലഹീനതയുടെ ഉദാഹരണമാണെന്ന് ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. ഡ്രോണുകൾ വടക്കൻ മേഖലയിൽ പ്രവേശിക്കുന്നത് സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ഇസ്രായേലി ചാനലായ കെ.എ.എന്നും മുന്നറിയിപ്പ് നൽകുന്നു.

ഹിസ്ബുല്ലയുടെ ഡ്രോണുകൾ താരതമ്യേന താഴ്ന്നാണ് പറക്കുന്നത്. ഇത് ഇസ്രായേലിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ഇസ്രായേലിന്റെ നിരീക്ഷണ സംവിധാനങ്ങളെ ഹിസ്ബുല്ല നിരന്തരം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.എ.എൻ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേൽ സുരക്ഷാ മന്ത്രി യോവ് ഗാലന്റ് ചൊവ്വാഴ്ച വടക്കൻ മേഖലയിലെ സൈനിക നിരീക്ഷണ കേന്ദ്രം സന്ദർശിച്ചിരുന്നു. ശത്രുക്കളെയും അവർ വിക്ഷേപിക്കുന്ന ബോംബുകളും ഡ്രോണുകളുമെല്ലാം നിരക്ഷിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. എന്നാൽ, ഈ കേന്ദ്രം പ്രവർത്തനക്ഷമമല്ലെന്ന് കെ.എ.എൻ ചൂണ്ടിക്കാട്ടുന്നു. നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബലൂൺ കീറിപ്പോയതിനാൽ ഏകദേശം രണ്ട് വർഷമായി ഈ സംവിധാനം പ്രവർത്തനരഹിതമാണ്.

ലെബനാനെ ഇസ്രായേൽ വ്യോമസേന ​ഇനിയും ആക്രമിക്കുമെന്ന് യോവ് ഗാലന്റ് ഇവിടെവെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, നിരീക്ഷണ സംവിധാനങ്ങളിലെ പോരായ്മയെക്കുറിച്ച് അദ്ദേഹം ഒരക്ഷരം മിണ്ടിയില്ലെന്നും ചാനൽ വ്യക്തമാക്കി.

ചൊവ്വാഴ്ച നിരവധി ആക്രമണങ്ങളാണ് ഹിസ്ബുല്ലയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിർത്തിയിലെ ഇസ്രായേലി സൈനികളെ പോസ്റ്റുകളെയാണ് കൂടുതലും ലക്ഷ്യമിടുന്നത്. ഫലസ്തീൻ ജനതയെ പിന്തുണക്കുകയും അവരുടെ ധീരവും മാന്യവുമായ ചെറുത്തുനിൽപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹിസ്ബുല്ല ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തിന് വിക്ഷേപിച്ച റോക്കറ്റ് റമീമിലെ ഇസ്രായേൽ സൈനികരുടെ ബാരക്കിൽ പതിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് വീണ്ടും ഇതേ ബാരക്ക് കനത്ത സ്​ഫോടന ശേഷിയുള്ള ബുർക്കൻ റോക്കറ്റ് ഉപയോഗിച്ച് ആ​ക്രമിച്ചു. ​വൈകീട്ട് നാലിന് വീണ്ടും ആക്രമണം നടത്തി.

കഴിഞ്ഞ നാല് മാസമായി ഹിസ്ബുല്ല ഇസ്രായേലിനെതിരെ ആക്രമണം തുടരുകയാണ്. സൈനിക താവളങ്ങളെയാണ് കൂടുതലും ആക്രമിക്കുന്നത്. ഇസ്രായേലിലേക്ക് ആയിരക്കണക്കിന് മിസൈലുകൾ വിക്ഷേപിക്കാൻ ഹിസ്ബുല്ലക്ക് ഇപ്പോഴും കഴിവുണ്ടെന്ന് ഇസ്രായേൽ മാധ്യമങ്ങൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഹമാസ് നേതാവ് സാലിഹ് ആറൂരിയെ ലെബനാനിൽവെച്ച് വധിച്ചതിന് പിന്നാലെ വടക്കൻ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇസ്രായേലിന്റെ വ്യോമ നിരീക്ഷണ ഹെഡ്ക്വാട്ടേഴ്‌സിന് നേരെയായിരുന്നു ആക്രമണം.

2023 ഒക്ടോബർ എട്ടിനും 2024 ഫെബ്രുവരി 15നും ഇടയിൽ ഇസ്രായേലി അധിനിവേശത്തിനെതിരെ 1038 ഓപ്പറേഷനുകൾ നടത്തിയതായി ഹിസ്ബുലല്ല ഫെബ്രുവരി 16ന് അറിയിച്ചിരുന്നു. നിരവധി ഇസ്രായേലി സൈനികർക്കാണ് ഈ ആക്രമണങ്ങളിൽ പരിക്കേറ്റത്.

ഹിസ്ബുല്ലയുടെ ആക്രമണം ശക്തമായതോടെ വടക്കൻ മേഖലയിലെ ഇസ്രായേലി കുടിയേറ്റക്കാർ മറ്റിടങ്ങളിലേക്ക് ഒഴിഞ്ഞുപോവുകയാണ്. ഇസ്രായേലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വടക്ക് ഭാഗത്തുനിന്ന് കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നത്. ഇവിടത്തെ താമസ സ്ഥലങ്ങളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News