'ഹിജാബ് ഭരണഘടനാവകാശം'; ജനഹിത പരിശോധന നടത്താൻ തുർക്കി
പ്രതിപക്ഷ കക്ഷിയുടെ ആവശ്യത്തോട് പ്രതികരിച്ച് തുർക്കി പ്രസിഡന്റ് ഉർദുഗാനാണ് ഇക്കാര്യം അറിയിച്ചത്
അങ്കാറ: ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം ഭരണഘടനയിൽ ഉറപ്പാക്കുന്നതിൽ പൊതുജനാഭിപ്രായം തേടാമെന്ന നിർദേശവുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ഹിജാബ് ധരിച്ച് എത്താൻ ഭരണഘടനാപരമായ അവകാശം ഉറപ്പാക്കുന്ന കാര്യത്തിലാണ് ഉർദുഗാന്റെ നിർദേശം. വേണമെങ്കിൽ ജനഹിത പരിശോധന നടത്താമെന്ന് ഉർദുഗാൻ അറിയിച്ചു.
തുർക്കിയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ റിപബ്ലിക്കൻ പീപ്പിൾസ് പാർട്ടി(സി.എച്ച്.പി) ചെയർപേഴ്‌സൻ കെമാൽ കിലിക്ദറോഗ്ലുവിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ഉർദുഗാൻ. ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം ഉറപ്പാക്കാൻ നിയമം കൊണ്ടുവരണമെന്നാണ് കെമാൽ ആവശ്യപ്പെട്ടത്. ദക്ഷിണ കിഴക്കൻ തുർക്കി നഗരമായ മലാറ്റിയയിൽ നടന്ന പരിപാടിയിലാണ് ഉർദുഗാന്റെ പ്രഖ്യാപനം.
''ധൈര്യമുണ്ടെങ്കിൽ മുന്നോട്ടുവരൂ.. വിഷയം ജനഹിത പരിശോധനയ്ക്കു വയ്ക്കാം. വിഷയം രാജ്യം തീരുമാനിക്കട്ടെ. നിർദേശത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ, മനുഷ്യാവകാശ വിവാദങ്ങളിൽനിന്ന് ശിരോവസ്ത്രത്തെ ഒഴിവാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇത് നിയമംവഴിയല്ല, ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കാൻ മുന്നോട്ടുവരൂ..''-ഉർദുഗാൻ ആവശ്യപ്പെട്ടു.
ഉടൻ തന്നെ ഇക്കാര്യത്തിലുള്ള ഭരണഘടനാ ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, വിഷയം പാർലമെന്റിൽ തീരുമാനമായില്ലെങ്കിൽ പൊതുജനത്തിന്റെ തീരുമാനത്തിനായി വിടുമെന്നും ഉർദുഗാൻ സൂചിപ്പിച്ചു.
എന്നാൽ, ഇത് തുർക്കിയാണ് ഹംഗറിയല്ലെന്നും വ്യാജ ഒർബാൻ(ഹംഗറി പ്രസിഡന്റ് വിക്ടർ ഒർബാൻ) ആകാൻ നോക്കേണ്ടെന്നും കിലിക്ദറോഗ്ലു ഇതിനോട് പ്രതികരിച്ചു. നിയമത്തെ പിന്താങ്ങുക, ജനഹിത പരിശോധനയല്ല വേണ്ടത്. താങ്കൾ രക്ഷപ്പെടാൻ നോക്കിയില്ലെങ്കിൽ വിഷയത്തിനു പരിഹാരമുണ്ടാകും. അതിനുള്ള ധൈര്യമുണ്ടോയെന്നും ഉർദുഗാനോട് കെമാൽ കിലിക്ദറോഗ്ലു ചോദിച്ചു.
Summary: Turkey's Erdogan proposes a referendum on right to wear headscarf