നെതന്യാഹു വിശ്വാസയോഗ്യനല്ല, അയാൾ പുറത്തുപോകണം - ഹിലരി ക്ലിൻ്റൺ
ഹമാസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായ ഒക്ടോബർ ഏഴിന് തന്നെ നെതന്യാഹു രാജിവെക്കേണ്ടതായിരുന്നു
വാഷിങ്ടൺ:ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റൺ. ഒക്ടോബർ ഏഴിന് ഹമാസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായതിന് പിന്നാലെ നെതന്യാഹു രാജിവെക്കേണ്ടതായിരുന്നു. കാരണം നെതന്യാഹു അവകാശപ്പെടുന്ന ശക്തമായ സുരക്ഷാവലയത്തിനിടയിലൂടയാണ് ഹമാസിന്റെ ആക്രമണം ഉണ്ടായത്.
നെതന്യാഹു രാജിവെച്ചു പുറത്തേക്ക് പോകണം. അയാളെ വിശ്വസിക്കാനാവില്ല. ഗസ്സയിൽ ഹമാസും ഇസ്രായേലും തമ്മിൽ നടക്കുന്ന പോരാട്ടം കൈകാര്യം ചെയ്യുന്നതിൽ നെതന്യാഹു പരാജയപ്പെട്ടു. വെടി നിർത്തൽ നടപ്പാക്കുന്നതിൽ നെതന്യാഹുവാണ് തടസമെങ്കിൽ അയാൾ സ്വയം മാറിനിൽക്കുകയാണ് വേണ്ടതെന്നും ഹിലരി ക്ലിന്റൺ പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഫലസ്തീനികളെ കുറിച്ച് ഹമാസ് ആലോചിക്കുന്നില്ല, ആ ജനതയെ സംരക്ഷിക്കാൻ ഹമാസ് ഒന്നും ചെയ്യുന്നില്ലെന്നും അവർ പറഞ്ഞു. ഇസ്രായേൽ ജനതയുടെ ആശങ്കകൾ പരിഹരിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അവർ ഒരു അഭിമുഖത്തിൽ പറഞ്ഞു.