ഹിന റബ്ബാനിയെ ജൂനിയർ മന്ത്രിയാക്കി; ബിലാവൽ ഭൂട്ടോയ്ക്ക് വേണ്ടിയെന്ന് ആരോപണം

31 ഫെഡറൽ മന്ത്രിമാരും മൂന്നു സഹമന്ത്രിമാരും സത്യവാചകം ചൊല്ലി അധികാരമേറ്റു

Update: 2022-04-19 11:08 GMT
Editor : abs | By : Web Desk
Advertising

ഇസ്‌ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള 34 അംഗ മന്ത്രിസഭ സത്യവാചകം ചൊല്ലി അധികാരമേറ്റു. പ്രസിഡണ്ട് ഹൗസിൽ ഖുർആൻ വചനങ്ങൾ ചൊല്ലിയാണ് മന്ത്രിമാർ അധികാരമേറ്റെടുത്തത്. 31 ഫെഡറൽ മന്ത്രിമാരും മൂന്നു സഹമന്ത്രിമാരും സത്യവാചകം ചൊല്ലി.

പാകിസ്താൻ മുസ്‌ലിംലീഗ് നവാസ് ശരീഫ് വിഭാഗത്തിൽ നിന്ന് 13 മന്ത്രിമാരാണ് ഉള്ളത്. പാകിസ്താൻ പീപ്പ്ൾസ് പാർട്ടിയിൽനിന്ന് ഒമ്പത് മന്ത്രിമാരും അധികാരമേറ്റു. മൂന്നു സഹമന്ത്രിമാർക്ക് പുറമേ, പ്രധാനമന്ത്രിയുടെ മൂന്ന് ഉപദേഷ്ടാക്കളും ഇന്ന് ചുമതലയേറ്റെടുത്തു. മൂന്നു വനിതകളാണുള്ളത്.  



തന്ത്രപ്രധാനമായ വിദേശകാര്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല. പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിക്ക് വിദേശകാര്യ വകുപ്പ് നൽകുമെന്നാണ് റിപ്പോർട്ട്. എന്നാൽ നേരത്തെ, വിദേശകാര്യമന്ത്രിയായിരുന്ന ഹിന റബ്ബാനി ഖറിനെ മന്ത്രാലയത്തിൽ ജൂനിയർ മന്ത്രിയാക്കി. നേരത്തെ ഫെഡറൽ മന്ത്രിയായിരുന്ന ഇവരെ 'തരംതാഴ്ത്തി'യതിൽ പാകിസ്താനിൽ പ്രതിഷേധമുണ്ട്. 


2011 ഫെബ്രുവരി മുതൽ 2013 മാർച്ച് വരെയാണ് ഹിന പാക് വിദേശകാര്യമന്ത്രി പദത്തിലിരുന്നത്. 33-ാം വയസ്സിലാണ് ഇവർ മന്ത്രിയായത്. പാക് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയാണ്. പഞ്ചാബ് മുസഫർഗറാണ് ഇവരുടെ സ്വദേശം. ഹിന മന്ത്രിപദത്തിലിരിക്കെയാണ് അബട്ടാബാദിൽ കടന്നു കയറി യുഎസ് സേന അൽ ഖാഇദ തലവൻ ഉസാമ ബിൻ ലാദനെ കൊലപ്പെടുത്തിയത്.

മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും പ്രസിഡണ്ട് ആസിഫ് അലി സർദാരിയുടെയും മകനാണ് ബിലാൽ ഭൂട്ടോ. മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പ്രസ്താവനകളെ തുടർന്ന് മോശമായി പാക്-യുഎസ് ബന്ധം മെച്ചപ്പെടുത്തുക എന്ന വെല്ലുവിളിയാണ് പുതിയ വിദേശകാര്യമന്ത്രിക്കു മുമ്പിലുള്ളത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News