ഗസ്സയിൽ വെടിനിർത്തലിന് ബൈഡന് തുറന്ന കത്തയച്ച് ഹോളിവുഡ് താരങ്ങൾ
ഹോളിവുഡ് വിനോദ വ്യവസായ സംഘടന 'ആർടിസ്റ്റ് ഫോർ സീസ്ഫയറാണ്' കത്തയച്ചത്
ഇസ്രായേൽ ഫലസ്തീൻ സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹോളിവുഡ് വിനോദ വ്യവസായ സംഘടന 'ആർടിസ്റ്റ് ഫോർ സീസ്ഫയർ' യു.എസ് പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു.
ഹോളിവുഡ് താരങ്ങളായ കേറ്റ് ബ്ലാൻചെറ്റ്, അമേരിക്ക ഫെറേര, ബസ്സേം യൂസഫ്, ജോൺ സ്‌റ്റെവാർട്ട്, ദുഅ ലിപ, ഹസൻ ്മിൻഹാജ്, ഓസ്‌കാർ ഐസക്, മൈക്കൽ സ്‌റ്റൈപ്പ് എന്നിവർ ഒപ്പിട്ട കത്തിൽ ലോക നേതാക്കളോട് ജീവിത വിശുദ്ധിക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പുണ്യഭൂമിയിൽ അക്രമം തടയാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുക. ഗസ്സയിലെ ബോംബാക്രമണം അവസാനിപ്പിക്കുക. ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് കത്തിൽ ഉന്നയിക്കുന്നത്.
ഗസ്സയിലെ ഭയാനകമായ മാനുഷിക സാഹചര്യം ഊന്നിപ്പറയുന്ന കത്തിൽ സംഘർഷ ബാധിതരായ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും മാനുഷിക സഹായം അനിയന്ത്രിതമായി എത്തിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. രക്തച്ചൊരിച്ചിൽ തടയാൻ മേഖലയിൽ ഇനിയും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിശബ്ദരായിരിക്കില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
അടുത്തിടെ നടന്ന ഗ്ലോബൽ ഹോണറീസ് വുമൺ ഓഫ് ദി ഇയർ ആവാർഡ് ഷോയിൽ സംഘർഷത്തിനെതിരെ വളരെയധികം വികാരധീനയായാണ് അമേരിക്ക ഫറേറ സംസാരിച്ചത്.
"നമ്മുടെ സഹോദരിമാർ സുരക്ഷിതരല്ല, നമ്മുക്ക് അവഗണിക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണത്. ഇന്ന് രാത്രി നമ്മൾ ഇവിടെ ആഘോഷിക്കുമ്പോൾ ഗസ്സയിലും ഇസ്രായേലിലും എണ്ണമറ്റ കുടുംബങ്ങൾ സങ്കൽപ്പിക്കാനാകാത്ത ഭയാനകമായ ഭീതിയിലാണ്. മുഴുവൻ കുടുംബങ്ങളും ശിഥിലമാകുകയാണ്. ഈ ക്രൂരത അവസാനിപ്പിക്കാനും ഈ പേടിസ്വപ്‌നത്തിലൂടെ ജീവിക്കുന്ന നമ്മുടെ സഹോദരിമാർക്കും അവരുടെ കുടുംബങ്ങൾക്കും സമാധാനം കൊണ്ടുവരാനും ലോകം ഒന്നിക്കണം"
ഹോളിവുഡ് പ്രതിനിധികളുടെ ഈ ഇടപെടൽ സംഘർഷം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംഘർഷത്തിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാൻ സഹായകമാകുമെന്നാണ് ലോകം കരുതുന്നത്.