'വ്യക്തമായ കരാറില്ലാതെ ബന്ദികളെ കൈമാറില്ല'; നിലപാടിലുറച്ച് ഹമാസ്
'ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേല്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ചര്‍ച്ചകളില്‍ ഗൗരവം കാണിക്കണം'
ജെറുസലേം: വ്യക്തമായ കരാറില്ലാതെ ബന്ദികളെ കൈമാറില്ലെന്ന് ഹമാസ്. വെസ്റ്റ് ബാങ്കിലെ ഹമാസ് നേതാവ് സഹേര്‍ ജബാറിന്‍ ആണ് ടെലിവിഷനിലൂടെ നിലപാട് ആവര്‍ത്തിച്ചത്.
അധിനിവേശ വെസ്റ്റ് ബാങ്കും ജെറുസലേമും അല്‍-അഖ്‌സ ഓപറേഷന്റെ ഹൃദയഭാഗത്താണ്. തങ്ങളുടെ ആവശ്യങ്ങള്‍ മധ്യസ്ഥര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. യഥാര്‍ഥ കരാറില്ലാതെ ഹമാസിന്റെ കൈവശമുള്ള ഇസ്രായേലി തടവുകാരെ ഒരിക്കലും കൈമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേല്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ചര്‍ച്ചകളില്‍ ഗൗരവം കാണിക്കണം. കൂടാതെ ചര്‍ച്ചകളെ തടസ്സപ്പെടുത്തുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടുകള്‍ മാറ്റുകയും വേണമെന്നും സഹേര്‍ വ്യക്തമാക്കി.
ശാശ്വതമായ വെടിനിര്‍ത്തല്‍, ഗസ്സയില്‍ നിന്ന് അധിനിവേശ സൈന്യത്തെ പിന്‍വലിക്കുക, യുദ്ധത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ അവരുടെ സ്വദേശങ്ങളിലേക്ക് തിരികെ എത്തിക്കുക, ദുരിതാശ്വാസവും സഹായവും വര്‍ധിപ്പിക്കുക, പുനര്‍നിര്‍മ്മാണം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കഴിഞ്ഞ ശനിയാഴ്ച ഹമാസ് ആവര്‍ത്തിച്ചിരുന്നു. കൂടാതെ ഇരുകക്ഷികളും തമ്മില്‍ തടവുകാരെ കൈമാറാനുള്ള സന്നദ്ധതയും ആവര്‍ത്തിച്ചിരുന്നു.
100ന് മുകളില്‍ ബന്ദികള്‍ ഇപ്പോഴും ഹമാസിന്റെ കൈവശമുണ്ടെന്നാണ് വിവരം. ബന്ദികളെ ഉടനടി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. തെല്‍ അവീവിലും ജെറുസലേമിലുമെല്ലാം വലിയ പ്രകടനങ്ങള്‍ക്കാണ് കഴിഞ്ഞദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്.
ബന്ദികളെ മോചിപ്പിക്കുക, പ്രധാനമന്ത്രി നെതന്യാഹു രാജിവെക്കുക, വീണ്ടും തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
അതേസമയം, ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ആസൂത്രിത വംശഹത്യ 195 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,899 ആയി ഉയര്‍ന്നു. 76,664 പേര്‍ക്കാണ് പരിക്കേറ്റത്.