ലോകത്തിലെ ചൂടേറിയ പ്രദേശം; ഡെത്ത് വാലിയിൽ സഹസ്രാബ്ദങ്ങൾക്ക് ശേഷം വെള്ളപ്പൊക്കം- വീഡിയോ
വെള്ളപ്പൊക്കത്തെ തുടർന്ന് കാലിഫോർണിയയിലെ ഡെത്ത് വാലി നാഷണൽ പാർക്കിനുള്ളിൽ ആയിരത്തിലധികം ആളുകളാണ് കുടുങ്ങിക്കിടന്നത്
കാലിഫോർണിയയിലെ ഡെത്ത് വാലിയിൽ വെള്ളപ്പൊക്കം. ചൂടേറിയതും യു.എസ്സിലെ വരണ്ടതുമായ പ്രദേശമാണ് ഡെത്ത് വാലി. 1000 വർഷത്തിന് ശേഷമാണ് ഡെത്ത് വാലി വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുന്നത്.
കാലാവസ്ഥ വ്യതിയാനം പ്രകൃതിയെ മാറ്റിമറിച്ചുവെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് കാലിഫോർണിയയിലെ ഡെത്ത് വാലി നാഷണൽ പാർക്കിനുള്ളിൽ ആയിരത്തിലധികം ആളുകളാണ് കുടുങ്ങിക്കിടന്നത്. പാർക്കിന് സമീപത്തുള്ള ആഡംബര ഹോട്ടലിനു മുന്നിൽ നിന്നും സന്ദർശകരുടെ വിലപിടിപ്പുള്ള അറുപതിലധികം വാഹനങ്ങളും ഒലിച്ചു പോയി. ഇവ പിന്നീട് അവശിഷ്ടങ്ങൾക്കിടയിൽനിന്നും കണ്ടെത്തി.
വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി കാണിക്കുന്ന വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു.
അതിശക്തമായ മഴയെ തുടർന്ന് 500 ഓളം സന്ദർശകർക്കും, 500 ജീവനക്കാർക്കും പാർക്കിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഫർണസ് ക്രീക്കിൽ 1.46 ഇഞ്ച് (3.7 സെന്റീമീറ്റർ) പെയ്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. 1936 മുതൽ ഉള്ള മഴയുടെ കണക്ക് പരിശോധിച്ചാൽ 1988ലാണ് ഈ പ്രദേശത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്ന് അധികൃതർ പറയുന്നു. പടിഞ്ഞാറൻ നെവാഡയിലും വടക്കൻ അരിസോണയിലും ശക്തമായ വെള്ളപ്പൊക്കത്തിൽ ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞതിനെ തുടർന്ന് ചില റോഡുകൾ അടച്ചു.