ആദ്യമായി ബ്രിട്ടീഷ് കപ്പലിനെ ആക്രമിച്ച് ഹൂതികൾ
കപ്പലിലെ തീപിടിത്തം അണക്കാനായിട്ടില്ല
ബ്രിട്ടീഷ് ഓയിൽ ടാങ്കറായ മാർലിൻ ലുവാണ്ടക്ക് നേരെ യെമനിലെ ഹൂതികളുടെ ആക്രമണം. ചെങ്കടലിനോട് ചേർന്നുള്ള ഗൾഫ് ഓഫ് ഏദനിൽ വെച്ചാണ് വെള്ളിയാഴ്ച കപ്പലിനെ ആക്രമിച്ചതെന്ന് ഹൂതി വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാറീ അറിയിച്ചു.
യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഹൂതികളുടെ ആക്രമണം സ്ഥിരീകരിച്ചു. കപ്പലിലെ തീപിടിത്തം അണക്കാനായിട്ടില്ലെന്നും അവർ അറിയിച്ചു.
ആദ്യമായിട്ടാണ് ബ്രിട്ടീഷ് കപ്പൽ ഹൂതികളുടെ ആക്രമണത്തിന് ഇരയാകുന്നത്. മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യഹ്‌യ സാറീ പറഞ്ഞു. ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കുകയും ഫലസ്തീനികൾക്ക് മതിയായ മരുന്നും ഭക്ഷണവും നൽകുന്നതും വരെ ചെങ്കടലിലും അറബിക്കടലിലും ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ആക്രമണം തുടരും. കൂടാതെ അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രണമത്തിൽനിന്ന് യെമനെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യെമനിലെ ഏദന് തെക്കുകിഴക്കായി മിസൈൽ ഉപയോഗിച്ച് കപ്പൽ ആക്രമിക്കപ്പെട്ടതായും ജീവനക്കാർ സുരക്ഷിതരാണെന്നും ബ്രിട്ടീഷ് നാവിക സുരക്ഷാ സ്ഥാപനമായ ആംബ്രേ അറിയിച്ചു. ഏദനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് സംഭവമെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കി.
ഹൂതികൾ കഴിഞ്ഞദിവസം യു.എസ് യുദ്ധക്കപ്പൽ ആക്രമിച്ചിരുന്നു. രണ്ട് മണിക്കൂർ നീണ്ട ആക്രമണത്തെ തുടർന്ന് രണ്ട് അമേരിക്കൻ വ്യാപാര കപ്പലുകൾ വഴിമാറിപ്പോയതായും റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, ചെങ്കടലിലേക്ക് വിക്ഷേപിക്കാൻ തയ്യാറായ ഹൂതി കപ്പൽ വിരുദ്ധ മിസൈൽ തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് ഫോഴ്‌സ് ശനിയാഴ്ച അറിയിച്ചു.
ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ഇസ്രായേൽ, യു.എസ്, യു.കെ കപ്പലുകൾക്ക് പല ഇൻഷൂറൻസ് കമ്പനികളും പരിരക്ഷ നൽകുന്നത് നിർത്തിയതായുള്ള വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നവംബർ 19 ന് ഹൂതികൾ ആക്രമണം ആരംഭിച്ചത് മുതൽ, അമേരിക്കയെയും യൂറോപ്പിനെയും ഏഷ്യയുമായി ബന്ധിപ്പിക്കുന്ന 500ലധികം ചരക്ക് കപ്പലുകൾ ചെങ്കടൽ വഴിയുള്ള സഞ്ചാരം ഒഴിവാക്കിയതായാണ് കണക്ക്. ഇത് ചരക്ക് ഗതാഗതം വൈകിപ്പിക്കുകയും ചെലവുകൾ വലിയ രീതിയിൽ ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ചെങ്കടലിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക പ്രവർത്തനങ്ങൾ മേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കുകയും ആഗോള ചരക്ക് ഗതാഗതത്തെ കൂടുതൽ മോശമാക്കുകയും ചെയ്യുന്നുവെന്ന് ചൈന മുന്നറിയിപ്പ് നൽകുന്നു.
Summary : Yemen's Houthis attack British oil tanker Marlin Luanda