'ഇസ്രായേൽ പതാകയുള്ള മുഴുവന്‍ കപ്പലുകളും ആക്രമിക്കും'; മുന്നറിയിപ്പുമായി ഹൂതികൾ
ഇസ്രായേൽ കപ്പലുകളിൽ ജോലി ചെയ്യുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ ലോകരാജ്യങ്ങളോട് ഹൂതി വക്താവ് ആവശ്യപ്പെട്ടു
സൻആ: ഇസ്രായേലിനു മുന്നറിയിപ്പുമായി ഹൂതികൾ. മുഴുവൻ ഇസ്രായേൽ കപ്പലുകളും ആക്രമിക്കുമെന്ന് യമനിലെ ഹൂതി വിഭാഗത്തിന്റെ വക്താവ് യഹ്‌യ സരീഅ മുന്നറിയിപ്പ് നൽകി. ഹൂതി ടെലഗ്രാം ഗ്രൂപ്പിലൂടെയാണു ഭീഷണി.
ഇസ്രായേൽ ഉടമസ്ഥതയിലുള്ളതോ ഇസ്രായേൻ നേരിട്ട് നടത്തുന്നതോ ആയ കപ്പിനുനേരെ ആക്രമണമുണ്ടാകും. ഇസ്രായേൽ പതാക വച്ച കപ്പലുകളെയും വെറുതെവിടില്ലെന്നും മുന്നറിയിപ്പുണ്ട്. ഈ കപ്പലുകളിൽ ജോലി ചെയ്യുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ ലോകരാജ്യങ്ങൾക്ക് ഹൂതി വക്താവ് ആഹ്വനവും നൽകിയിട്ടുണ്ട്.
ഗസ്സയിൽ അടിയന്തരമായി വെടിനിർത്തലിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ജോർദാൻ രാജാവ് അബ്ദുല്ല ആവശ്യപ്പെട്ടു. സിവിലിയന്മാർക്കെതിരെ ഇസ്രായേൽ നടത്തുന്ന വൃത്തികെട്ട യുദ്ധംമൂലമുണ്ടാകുന്ന മാനുഷികദുരന്തം അവസാനിപ്പിക്കാൻ ലോകശക്തികൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂറോപ്യൻ കമ്മിഷൻ തലവൻ ഉർസുല വോൻ ഡെർ ലെയെനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അബ്ദുല്ല രാജാവ് ആവശ്യമുയർത്തിയത്. സിവിലിയന്മാരെ സംരക്ഷിക്കണമെന്ന അന്താരാഷ്ട്ര നിയമങ്ങൾ അംഗീകരിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉപരോധത്തിലുള്ള ഗസ്സയിലേക്കുള്ള സഹായം തടസപ്പെടാതിരിക്കാനുള്ള ഇടപെടൽ വേണമെന്നും ജോർദാൻ രാജാവ് പറഞ്ഞു.
Summary: Houthis warn they will target all Israeli ships