വിത്തുകളും വേരുകളും കഴിച്ച് അതിജീവനം, രക്ഷയായത് പാൽക്കുപ്പി; ജീവൻ മുറുകെപ്പിടിച്ച് 40 ദിവസം
അവരെ കാട് കാത്തോളുമെന്ന ഗോത്രവർഗക്കാരുടെ ആത്മവിശ്വാസം വെറുതെയായില്ല...
ബൊഗോട്ട: നാല്, ഒൻപത്, പതിമൂന്ന് വയസുള്ള ,മൂന്ന് പെൺകുട്ടികൾ, ഒപ്പം പതിനൊന്ന് മാസം പ്രായമായ കൈക്കുഞ്ഞും. എങ്ങനെയാണ് ഇവർ നാല്പത് ദിവസം ആ കൊടുംകാടിനുള്ളിൽ കഴിഞ്ഞത്? അത്ഭുതം മാറാതെയാണ് ലോകം. കാര്യമായ പരിക്കുകളൊന്നുമില്ലാതെ ഘോരവനത്തിൽ നിന്ന് അവർ രക്ഷപ്പെട്ടിരിക്കുന്നു. വിശ്വസിക്കാനാകാതെ അതിജീവനത്തിന്റെ കഥയാണ് ഈ നാല് കുട്ടികളുടേത്.
അവരെ കാട് കാത്തോളുമെന്ന ഗോത്രവർഗക്കാരുടെ ആത്മവിശ്വാസം വെറുതെയായില്ല. കാട്ടറിവുകളുള്ള കുട്ടികൾക്ക് അവരുടെ നിലനിൽപ്പിന് വേണ്ടി മറ്റെങ്ങും തിരഞ്ഞ് പോകേണ്ടി വന്നില്ല എന്നതാണ് വാസ്തവം. ഭക്ഷ്യയോഗ്യമായ എന്തൊക്കെ കാട്ടിലുണ്ടെന്ന് അവർക്കറിയാമായിരുന്നു. കഴിക്കാൻ പറ്റുന്ന വിത്തുകളും വേരുകളും സസ്യങ്ങളും അവർ ആഹാരമാക്കി. അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തന്നെ പ്രകൃതിയുടെ പാഠങ്ങൾ അവർ കരസ്ഥമാക്കിയിരുന്നു. പരിസ്ഥിതിയുമായി കുട്ടികൾക്ക് എത്രത്തോളം ബന്ധമുണ്ടെന്നതിന്റെ തെളിവാണ് ഈ അതിജീവനമെന്ന് നാഷണൽ ഓർഗനൈസേഷൻ ഓഫ് ഇൻഡിജിനസ് പീപ്പിൾസ് ഓഫ് കൊളംബിയ (OPIAC) പറയുന്നു.
മുൾപടർപ്പിന്റെ കുട്ടികൾ എന്നാണ് മുത്തച്ഛൻ അവരെ വിളിച്ചിരുന്നത്. അതിനാൽ തന്നെ ഏറെ ദുഷ്കരമായ വഴികൾ പോലും കുട്ടികൾ താണ്ടിയിരുന്നു. തകർന്ന വിമാനത്തിൽ ഉണ്ടായിരുന്ന യൂക്ക മാവ് കഴിച്ചും തിരച്ചിൽ ഹെലികോപ്റ്ററുകൾ വഴി കാട്ടിലേക്ക് എത്തിയ പാഴ്‌സലുകൾ ശേഖരിച്ചും അവർ ദിവസങ്ങൾ കഴിച്ചുകൂട്ടി. ആമസോൺ മേഖലയിൽ തന്നെ വളർന്നതിനാൽ അതിജീവനത്തിന്റെ പാഠങ്ങൾ അവർക്കാരും പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു.
പ്രത്യേക ദൗത്യങ്ങൾക്കായുള്ള സംയുക്ത കമാൻഡിൽനിന്നുള്ള 160 പേരാണ് തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർക്കൊപ്പം 200 ഗോത്രവർഗക്കാർ കൂടി ഉണ്ടായിരുന്നില്ലെങ്കിൽ കുട്ടികളെ കണ്ടെത്തുന്നത് എളുപ്പമാകുമായിരുന്നില്ല.ബൽജിയൻ ഷെപ്പേഡ് ഇനത്തിൽ പെട്ട നായ്ക്കളെയും ഇവർ ഒപ്പം കൂട്ടി. മനുഷ്യർക്ക് എത്തിപ്പെടാൻ അസാധ്യമായ ഇടങ്ങളിൽ പോലും ഈ മൃഗങ്ങളുടെ സഹായത്തോടെ തിരച്ചിൽ സംഘം എത്തിപ്പെട്ടു. എങ്ങനെയും ആ നാല് ജീവനുകൾ സുരക്ഷിതരായിരിക്കണേ എന്ന പ്രാർത്ഥനയോടെ..
മെയ് 16 ന് വിമാനം അപകടത്തിൽപെട്ട സ്ഥലത്ത് നിന്ന് സൈന്യത്തിന്റെ നായ കുഞ്ഞിന്റെ പാൽക്കുപ്പി കണ്ടെത്തിയതാണ് വഴിത്തിരിവായത്. തുടർന്ന് 2.5 കിലോമീറ്റര്‍ അകലെ മരങ്ങള്‍ക്കിടയില്‍നിന്ന് ഒരു ജോഡി ഷൂസും ടവ്വലും സൈന്യവും കണ്ടെത്തി. ജീവനോടെ കുട്ടികൾ ഉണ്ടെന്ന് ഇതോടെയാണ് ഉറപ്പിച്ചത്. പിന്നീട് കുട്ടികൾ ഉപയോഗിച്ചിരുന്ന വെള്ളക്കുപ്പിയും കത്രികയും ഹെയർബാൻഡും കൂടി കിട്ടിയതോടെ പ്രതീക്ഷയേറുകയായിരുന്നു.
ഓപ്പറേഷൻ ഹോപ് എന്നായിരുന്നു സൈനികജനറല്‍ പെഡ്രോ സാഞ്ചെസിന്റെ നേതൃത്വത്തിലുള്ള രക്ഷാദൗത്യത്തിന്റെ പേര്. ദൗത്യത്തിന്റെ പേര് പോലെ തന്നെ പ്രതീക്ഷയാണ് അവരെ മുന്നോട്ട് നയിച്ചത്. വന്യമൃഗങ്ങൾ, അപകടകാരികളായ പ്രാണികൾ, അതിശൈത്യം, കൊടുങ്കാറ്റ് ഇവയെ മറികടന്ന് സൈന്യം നീങ്ങി. തങ്ങൾക്ക് ഇത്രയും ദുഷ്കരമെങ്കിൽ ആ കുട്ടികൾ എങ്ങനെയായിരിക്കുമെന്നായിരുന്നു ചിന്ത. ഇതിനിടെ ഗറില്ല സംഘത്തിന്റെ ടെന്റുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടത് ആശയായി. കുട്ടികൾ ഇവരുടെ കയ്യിൽ അകപ്പെട്ടുകാണുമോ എന്ന സംശയമായി പിന്നെ.
കുട്ടികൾ ജീവനോടെയില്ലെന്ന സംശയത്തിൽ ദൗത്യം ഉപേക്ഷിച്ച് ചിലർ കാടുകയറി. എന്നാൽ, മരിച്ചിരുന്നെങ്കിൽ അവരുടെ മൃതദേഹം ഇതിനോടകം കിട്ടിയേനെ എന്ന പെഡ്രോ സാഞ്ചെസിന്റെ ഉറപ്പ് സൈന്യത്തിന് ധൈര്യം പകർന്നു. കുട്ടികളുടെ മുത്തശ്ശിയുടെ ശബ്ദം റെക്കോർഡ് ചെയ്‌ത് ഹെലികോപ്റ്ററിലൂടെ കാടുമുഴുവൻ സൈന്യം കേൾപ്പിച്ചു. കാട്ടിലൂടെ സഞ്ചരിക്കരുതെന്നും ഒരിടത്ത് തന്നെ തുടരണമെന്നും അറിയിച്ചു. ഭക്ഷണവും കുടിവെള്ളവുമടങ്ങുന്ന പൊതികൾ കാട്ടിലാകെ വിതറി.
ഒടുവിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ആർമി റേഡിയോയിൽ ആവേശത്തോടെ ആ ശബ്‌ദം മുഴങ്ങി.. "മിലാഗ്രോ..". അത്ഭുതം എന്ന അർഥം വരുന്ന കോഡ് വാക്ക്. നീണ്ട 40 നാളുകൾക്കൊടുവിൽ അവരെ കണ്ടെത്തിയിരിക്കുന്നു. ചില പ്രാണികൾ കടിച്ച പാടും വെള്ളം കുടിക്കാത്തതിന്റെ ക്ഷീണവുമൊഴികെ കുട്ടികൾക്ക് മറ്റ് പ്രശനങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു ശരിക്കും അത്ഭുതം.
മെയ് ഒന്നിന് അമ്മ മഗ്ദലീനക്കൊപ്പം ചെറുവിമാനത്തിൽ യാത്ര തിരിച്ചതായിരുന്നു നാല് കുട്ടികൾ. തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽനിന്നു പുറപ്പെട്ട സെസ്ന 206 എന്ന വിമാനം കാകെറ്റ പ്രവിശ്യയിലെ ഉൾക്കാട്ടിൽ തകർന്നുവീഴുകയായിരുന്നു. എഞ്ചിൻ തകരാറാണ് വിമാനത്തെ തകർത്തത്. രണ്ടാഴ്ച തിരച്ചിൽ നടത്തിയതിനൊടുവിൽ മെയ് 15ന് തകർന്ന വിമാനം സൈന്യം കണ്ടെത്തി. അമ്മ മഗ്ദലീന, പൈലറ്റ്, ഒപ്പമുണ്ടായിരുന്ന ഗോത്രനേതാവ് എന്നിവരുടെ മൃതദേഹങ്ങൾ തൊട്ടടുത്ത് നിന്ന് തന്നെ കണ്ടെത്തിയിരുന്നു.