കോവിഡ് കാലത്ത് ജോലി നഷ്ടമായി; ഉരുളക്കിഴങ്ങു കൊണ്ട് ജീവിതം തിരിച്ചുപിടിച്ചു യുവതി

ലണ്ടനില്‍ ഷെഫായി ജോലി ചെയ്തുകൊണ്ടിരുന്ന പോപ്പി ഒ ടൂളിയാണ് വീഴ്ചകളെ അവസരങ്ങളാക്കി മാറ്റിയത്

Update: 2021-08-11 05:28 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് കാലത്ത് നിരവധി പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ലോകം കണ്ട ഏറ്റവും വലിയ തൊഴില്‍നഷ്ടങ്ങള്‍ക്കാണ് ഈ മഹാമാരികാലം സാക്ഷിയായത്. ചിലര്‍ അതില്‍ വീണുപോവുകയും ചെയ്തു. മറ്റു ചിലരാകട്ടെ പ്രതിസന്ധികളില്‍ തളര്‍ന്നുപോകാതെ കൂടുതല്‍ കരുത്തോടെ ഉയിര്‍ത്തെഴുന്നേറ്റു. അത്തരത്തിലൊരാളുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ലണ്ടനില്‍ ഷെഫായി ജോലി ചെയ്തുകൊണ്ടിരുന്ന പോപ്പി ഒ ടൂളിയാണ് വീഴ്ചകളെ അവസരങ്ങളാക്കി മാറ്റിയത്. പതിനെട്ടാം വയസു മുതല്‍ ഷെഫായി ജോലി ചെയ്യുകയാണ് പോപ്പി. എന്നാല്‍ കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടു. വീട്ടുവാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടി. സാമ്പത്തികമായി തളര്‍ന്നപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമായി പോപ്പിയുടെ താമസം. വീട്ടിലിരുന്നെങ്കിലും വെറുതെയിരിക്കാനൊന്നും പോപ്പി തയ്യാറായില്ല. പാചകത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങി. സഹോദരങ്ങളുടെ സഹായത്തോടെ വിവിധ റെസിപ്പികള്‍ ടിക്ക് ടോക്കിലൂടെ പരിചയപ്പെടുത്താന്‍ തുടങ്ങി.

ആദ്യമൊന്നും പോപ്പിയുടെ വീഡിയോകള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഒരു ദിവസം പോപ്പി ഉരുളക്കിഴങ്ങു കൊണ്ടു ഉണ്ടാക്കിയ സ്പെഷ്യല്‍ വിഭവം ഹിറ്റായി മാറുകയായിരുന്നു. പത്തു ലക്ഷത്തിലധികം പേരാണ് ആ വീഡിയോ കണ്ടത്. പിന്നീട് പോപ്പി ഉരുളക്കിഴങ്ങില്‍ തന്നെ ഒരു പിടിപിടിച്ചു. ഉരുളക്കിഴങ്ങു കൊണ്ടു വിവിധ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഡോനട്ട് വരെയുള്ള രുചികള്‍ ഇതിലുള്‍പ്പെടും. ഉരുളക്കിഴങ്ങ് കൊണ്ടുള്ള 'സ്പുനട്ടസ്' എന്ന പുത്തന്‍ വിഭവത്തെയും പോപ്പി പരിചയപ്പെടുത്തി.

10,000 ഫോളോവേഴ്‌സിൽ നിന്ന്, പോപ്പിയുടെ ഫോളോവേഴ്സ് ഒരു ദശലക്ഷമായി ഉയര്‍ന്നു. ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ് പോപ്പി.വീഡിയോകള്‍ ഹിറ്റായതോടെ വലിയ ബ്രാന്‍ഡുകള്‍ പോലും പോപ്പിയുടെ സ്‌പെഷ്യല്‍ രുചിക്കൂട്ടുകള്‍ക്കായി അവരെ തേടിയെത്തി. ഓണ്‍ലൈന്‍ ഷെഫായി മാറിയ പോപ്പി തന്‍റെ റെസിപ്പികള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. തന്‍റെ പുതിയ ജോലി പഴയ ഷെഫിനെക്കാള്‍ മികച്ചതാണെന്നും കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുന്നുണ്ടെന്നും പോപ്പി പറയുന്നു.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News