ഗൾഫ് സാമ്പത്തിക രംഗം ശക്തം; പുതിയ സാമ്പത്തിക റിപ്പോർട്ട് പുറത്ത്
കയറ്റിറക്കുമതി ഉൾപ്പെടെ എല്ലാ രംഗങ്ങളിലും മികച്ച നേട്ടം കൈവരിക്കാൻ ജി.സി.സി രാജ്യങ്ങൾക്കായി.
യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക മേഖലയിൽ വൻ മുന്നേറ്റം. നടപ്പുവർഷത്തെ ആദ്യപകുതിയിലെ റിപ്പോർട്ട് പ്രകാരം കയറ്റിറക്കുമതി ഉൾപ്പെടെ എല്ലാ രംഗങ്ങളിലും മികച്ച നേട്ടം കൈവരിക്കാൻ ജി.സി.സി രാജ്യങ്ങൾക്കായി. നിലവിലെ മുന്നേറ്റം വരും വർഷങ്ങളിലും തുടരാൻ ഗൾഫിനാകുമെന്നും ഫോറക്സ് ഡോട്ട് കോം പുറത്തുവിട്ട സാമ്പത്തിക വിശകലനറിപ്പോർട്ട് വ്യക്തമാക്കുന്നു.
തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് വിവിധ തുറകളിൽ നിർണായക സാമ്പത്തികമുന്നേറ്റം കൈവരിക്കാൻ ആറ് ഗൾഫ് രാജ്യങ്ങൾക്കും സാധിച്ചതായി ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗൾഫ് ഓഹരി വപണിയിലും മികച്ച ഉണർവാണ് രൂപപ്പെട്ടിരിക്കുന്നത്. സുപ്രധാന കമ്പനികളിൽ ഭൂരിഭാഗത്തിനും നല്ല സാമ്പത്തിക നേട്ടം ഉറപ്പാക്കാനും സാധിച്ചു. സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരണമാണ് ഗൾഫ് സമ്പദ് ഘടനയ്ക്ക് ഏറ്റവും കൂടുതൽ തുണയായതെന്നും ഫോറക്സ് ഡോട്ട് കോം പുറത്തുവിട്ട വിശകലനം പറയുന്നു. ആഗോള സാമ്പത്തിക രംഗത്തെ തളർച്ച ഗൾഫിന്റെ കാര്യത്തിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കിയിട്ടില്ല. എന്നാൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ ജാഗ്രത വേണ്ടി വരുമെന്ന ഓർമപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.
ഉയർന്ന പലിശനിരക്ക്, പണപ്പെരുപ്പം എന്നിവ വലിയ വെല്ലുവിളികളായി മാറും. ആഗോള സമ്പദ് ഘടനയുടെ ജിയോപൊളിറ്റിക്കൽ സമ്മർദവും ജി.സി.സി രാജ്യങ്ങൾ ഗൗരവത്തിലെടുക്കണം. പ്രതികൂല ഘടകങ്ങൾക്കിടയിലും എണ്ണയിതര മേഖലയിൽ നല്ല വളർച്ച നേടാൻ എല്ലാ ഗൾഫ് രാജ്യങ്ങൾക്കും സാധിക്കുമെന്നു തന്നെയാണ് വിലയിരുത്തൽ. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ട്രാവൽ, ടൂറിസം, റിയൽ എസ്റ്റേറ്റ്, ധനകാര്യം സാങ്കേതികത, ആരോഗ്യം എന്നീ തുറകളിലാണ് കൂടുതൽ വളർച്ച പ്രവചിക്കുന്നത്. ഈ മേഖലകളിൽ ആയിരക്കണക്കിനു പുതിയ തൊഴിലവസരങ്ങൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.