ഗസ്സയിലേക്ക് കടൽ മാർഗം മാനുഷിക സഹായം: പദ്ധതിയിൽ അണിചേരാൻ ജപ്പാനും
സമുദ്ര ഇടനാഴിയിലൂടെ അവശ്യ വസ്തുക്കളുമായി വന്ന കപ്പൽ ഗസ്സയിലെത്തി
ടോക്കിയോ: ഗസ്സയിലേക്ക് കടൽ മാർഗം മാനുഷിക സഹായം എത്തിക്കാനുള്ള പദ്ധതിയിൽ ജപ്പാനും അണിചേരുമെന്ന് വിദേശകാര്യ മന്ത്രി യോക്കോ കാമികാവ വ്യക്തമാക്കി. സമുദ്ര ഇടനാഴിയിലൂടെ ഭക്ഷണം, മരുന്ന്, മറ്റു വസ്തുക്കൾ എന്നിവ എത്തിക്കാൻ വിവിധ രാജ്യങ്ങളുമായി സഹകരിക്കാൻ ജപ്പാൻ സർക്കാർ ലക്ഷ്യമിടുന്നു. ഗസ്സയിലെ ജനങ്ങൾക്ക് അനിയന്ത്രിതമായ സഹായം എത്തിക്കാൻ സമുദ്ര ഇടനാഴി സഹായിക്കുമെന്നും കാമികാവ പറഞ്ഞു.
സമുദ്ര ഇടനാഴിയിലൂടെ അവശ്യ വസ്തുക്കളുമായി വന്ന കപ്പൽ വെള്ളിയാഴ്ച ഗസ്സയിലെത്തി. സൈപ്രസിലെ ലാർനാക്ക തുറമുഖത്തുനിന്ന് മൂന്ന് ദിവസം മുമ്പാണ് കപ്പൽ പുറപ്പെട്ടത്.
അമേരിക്ക, യൂറോപ്യൻ യൂനിയൻ എന്നിവരുൾപ്പെടെയുള്ള അന്താരാഷ്ട്ര മേൽനോട്ടത്തിൽ ഗസ്സയിലേക്കുള്ള ആദ്യ കപ്പലായിരുന്നു ഇത്. യു.എസ് ആസ്ഥാനമായുള്ള വേൾഡ് സെൻട്രൽ കിച്ചൻ എന്ന ചാരിറ്റി സംഭാവന ചെയ്ത 200 ടൺ ഭക്ഷണമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഓപറേഷൻ സഫീന എന്ന പേരിലാണ് ദൗത്യം സംഘടിപ്പിക്കുന്നത്.
കപ്പലിൽനിന്നുള്ള സാധനങ്ങൾ പൂർണമായും ഇറക്കിയതായി അധികൃതർ അറിയിച്ചു. ചെറിയ ബോട്ടുകൾ ഉപയോഗിച്ച് കപ്പലിൽനിന്ന് സാധനങ്ങൾ ഇറക്കി ഗസ്സയുടെ തീരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.