ഇസ്രായേൽ- ഹമാസ് സംഘർഷം; ഫലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി റാലി
ഗസ്സ പൂർണമായി പിടിച്ചെടുക്കാൻ കരയുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രായേൽ.
ചിക്കാഗോ: ഇസ്രായേൽ- ഫലസ്തീൻ സംഘർഷം കൊടുമ്പിരികൊള്ളുമ്പോൾ ഫലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി ലോകത്തിന്റെ വിവിധ കോണുകളിൽ സംഘടിച്ച് ജനം. ഇസ്രായേൽ അധിനിവേശത്തിനെതിരായ ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിന് പിന്തുണയുമായി അമേരിക്കയിലെ ചിക്കാഗോയിൽ ആക്ടിവിസ്റ്റുകൾ ഒത്തുകൂടി. നൂറുകണക്കിനാളുകൾ റാലിയിൽ പങ്കെടുത്തു. സ്പെയിനിലെ ബാഴ്‌സലോണയിലും ഫലസ്തീന് ഐക്യദാർഢ്യവുമായി പ്രകടനങ്ങൾ നടന്നു. ബാഴ്സലോണയിൽ സിറ്റി ഹാളിന് പുറത്താണ് ഫലസ്തീൻ കൊടികളുമായി ആളുകൾ പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം, ഗസ്സ പൂർണമായി പിടിച്ചെടുക്കാൻ കരയുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രായേൽ. അടുത്ത 48 മണിക്കൂറിനകം സൈനികനീക്കം തുടങ്ങും. ഒരുലക്ഷം സൈനികരെ ഗസ്സ അതിർത്തിയിൽ നിയോഗിച്ചു. ഇസ്രായേലിന് പിന്തുണയുമായി അമേരിക്കൻ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും എത്തിയിട്ടുണ്ട്.
ഇസ്രായേലിനുള്ളിൽ കയറിയ ഹമാസ് പോരാളികളെ പൂർണമായും പുറത്താക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പലയിടത്തും ഹമാസ് പോരാളികളും ഇസ്രായേൽ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇവരെ പൂർണമായി പുറത്താക്കിയ ശേഷം ഗസ്സയെ നിയന്ത്രണത്തിലാക്കാനാണ് ഇസ്രായേൽ നീക്കം.
ഗസ്സയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇതുവരെ 400ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 2000 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലിനുള്ളിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഇതിൽ73 പേർ ഇസ്രായേൽ സൈനികരുമാണ്. 100 പേർ ബന്ധികളായി തങ്ങളുടെ കൈകളിലുണ്ടെന്ന് ഹമാസ് അവകാശപ്പെടുന്നു. ഇവരിൽ യുഎസ് പൗരന്മാരുമുണ്ടെന്നാണ് സൂചന.
ഹമാസ് ഇസ്രയേലിനുള്ളിൽ നടത്തിയ ആക്രമണത്തിൽ പങ്കില്ലെന്നാണ് ഇറാൻ അറിയിച്ചത്. അടിയന്തരമായി ചേർന്ന യുഎൻ രക്ഷാസമിതിക്ക് യോജിച്ച തീരുമാനമെടുക്കാനായില്ല. പ്രശ്നത്തിൽ ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താൻ കഴിയില്ലെന്നാണ് റഷ്യയുടെയും ചൈനയുടെയും നിലപാട്.