ഇറാഖ് പാര്‍ലമെന്റില്‍ തമ്പടിച്ച് പ്രതിഷേധക്കാര്‍
ശിയ നേതാവ് മുഖ്തദ അൽസദ്റിന്റെ അനുയായികൾ പാർലമെന്റിൽ തമ്പടിച്ചിരിക്കുകയാണ്.
ബാഗ്ദാദ്: ഇറാഖില്‍ പാര്‍ലമെന്റ് മന്ദിരം കയ്യേറി പ്രതിഷേധം. ഇറാൻ അനുകൂല സ്ഥാനാര്‍ഥിയെ പ്രധാനമന്ത്രിയാക്കുന്നതിന് എതിരെയാണ് പ്രതിഷേധം. ശിയ നേതാവ് മുഖ്തദ അൽസദ്റിന്റെ അനുയായികൾ രണ്ടാം ദിവസവും പാർലമെന്റിൽ തമ്പടിച്ചിരിക്കുകയാണ്.
ഇറാൻ അനുകൂല സഖ്യകക്ഷി നേതാവ് മുഹമ്മദ് ശിയ അൽസുദാനി സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ശനിയാഴ്ച വോട്ടെടുപ്പ് നടക്കേണ്ടതായിരുന്നു. അപ്പോഴേക്കും പ്രതിഷേധക്കാര്‍ പാർലമെന്റ് വളഞ്ഞ് നടപടികൾ തടസ്സപ്പെടുത്തി. അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിന്റെ സിമന്റ് ബാരിക്കേഡുകൾ തകർത്താണ് പ്രതിഷേധക്കാർ തള്ളിക്കയറിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ മുഖ്തദ അൽസദ്റിന്റെ പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ സർക്കാരുണ്ടാക്കാനായില്ല. അന്നുതൊട്ടുള്ള രാഷ്ട്രീയ അനിശ്ചിതത്വമാണ് പാര്‍ലമെന്റ് കയ്യേറുന്നതില്‍ എത്തിയത്. പ്രതിഷേധക്കാര്‍ പാര്‍ലമെന്റില്‍ കുത്തിയിരിപ്പ് സമരം പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി പാര്‍ലമെന്റിനുള്ളില്‍ തന്നെയാണ് മിക്കവരും ഉറങ്ങിയത്.
പ്രതിഷേധക്കാരോട് എത്രയും വേഗം പാര്‍ലമെന്റ് വിട്ടുപോകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ അവര്‍ പിന്മാറാന് തയ്യാറായില്ല- "ഞങ്ങൾക്ക് മിസ്റ്റർ സുദാനിയെ ആവശ്യമില്ല. അഴിമതി നിറഞ്ഞതും കഴിവുകെട്ടതുമായ ഒരു സർക്കാരിനെതിരെ ഞാൻ പ്രതിഷേധിക്കുകയാണ്. ഞാന്‍ ഈ പാര്‍ലമെന്റില്‍ ഉറങ്ങും"- 47കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സത്താർ അൽ-അലിയാവി പറഞ്ഞു.
Summary- Supporters of powerful Iraqi Shia leader Muqtada al-Sadr have erected tents and are preparing for a long sit-in at Iraq's parliament, deepening a months-long political standoff.