യുഎഇക്ക് മുമ്പെ ഹൈപ്പർ ലൂപ്പ് ഇന്ത്യയിലോ സൗദിയിലോ യാഥാർത്ഥ്യമാകുമെന്ന് ഡിപി വേള്‍ഡ് സിഇഒ

കഴിഞ്ഞ വർഷം നവംബറിൽ ഹൈപ്പർലൂപ്പ് പോഡിന്റെ പരീക്ഷണയാത്ര വിജയകരമായി നടന്നിരുന്നു

Update: 2021-10-03 10:29 GMT
Editor : abs | By : Web Desk
Advertising

അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പർലൂപ്പ് യുഎഇക്ക് മുമ്പ് ഇന്ത്യയിലോ സൗദിയിലോ യാഥാർത്ഥ്യമാകുമെന്ന് ഡിപി വേൾഡ് സിഇഒ സുൽത്താൻ അഹ്‌മദ് ബിൻ സുലൈമാൻ. ദുബൈ എക്‌പോയുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ദശാബ്ദത്തിന്റെ അവസാനം മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൈപ്പർലൂപ്പ് യാഥാർത്ഥ്യമാകുമെന്നും അഹ്‌മദ് ബിൻ സുലൈമാൻ കൂട്ടിച്ചേർത്തു.

'ഇപ്പോള്‍, ഹൈപ്പർലൂപ്പ് ഇന്ത്യയിലോ സൗദിയിലോ ആദ്യം വരുമെന്നാണ് ഞാൻ കരുതുന്നത്. ഒരു ട്രക്കിന്റെ ചെലവിൽ വിമാനത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുകയാണ്. കൂടുതൽ യാത്രാപഥങ്ങൾ കിട്ടുന്നതോടെ  ഇത് ജനപ്രിയമാകുമെന്നാണ് പ്രതീക്ഷ.'- അദ്ദേഹം പറഞ്ഞു. ഡിപി വേൾഡിന് ഓഹരി പങ്കാളിത്തമുള്ള വിർജിൻ ഹൈപ്പർലൂപ്പ് ഉൾപ്പെടെയുള്ള നിരവധി കമ്പനികളാണ് അതിവേഗ യാത്രാ സംവിധാനം യാഥാർത്ഥ്യമാക്കാൻ യത്‌നിച്ചു കൊണ്ടിരിക്കുന്നത്. 


വായു പ്രതിരോധമോ ഘർഷണമോ ഇല്ലാതെ, കുറഞ്ഞ വായു സമ്മർദമുള്ള പ്രത്യേകം ട്യൂബുകളിലാണ് ഹൈപ്പർലൂപ്പ് പോഡുകളുടെ (കമ്പാർട്‌മെന്റ്) അതിവേഗ യാത്ര സാധ്യമാകുക. മണിക്കൂറിൽ 1200 വരെ വേഗമാണ് പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഹൈപ്പർലൂപ്പ് പോഡിന്റെ പരീക്ഷണയാത്ര വിജയകരമായി നടന്നിരുന്നു.

ഇന്ത്യയിൽ പൂനയ്ക്കും നവി മുംബൈയ്ക്കും ഇടയിലാണ് ഹൈപ്പർലൂപ്പ് സംവിധാനം പ്രഖ്യാപിച്ചിട്ടുള്ളത്. വിർജിൻ ഹൈപ്പർലൂപ്പ് വൺ ചെയർമാനും ശതകോടീശ്വരനുമായ റിച്ചാർഡ് ബ്രാൻസൺ 2018 ഫെബ്രുവരിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്. കോവിഡിനെ തുടർന്ന് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ചിരുന്നു. ബംഗളൂരു വിമാനത്താവളത്തിൽ ഹൈപ്പർലൂപ്പിന്റെ സാധ്യതയെ കുറിച്ച് പഠനം നടക്കുന്നുണ്ട്. 2019 നവംബറിൽ പഞ്ചാബ് സർക്കാർ വിർജിൻ ഹൈപ്പർലൂപ്പുമായി കരാർ ഒപ്പിട്ടിരുന്നു.  

സൗദിയിൽ റിയാദിൽ നിന്ന് ജിദ്ദയിലേക്കാണ് ഹൈപ്പർലൂപ്പ് പരിഗണിക്കുന്നത്. അതിവേഗ സംവിധാനം സാധ്യമായാൽ 46 മിനിറ്റു കൊണ്ട് ഇരുനഗരങ്ങൾക്കുമിടയിൽ യാത്ര ചെയ്യാനാകും. ഇപ്പോൾ വിമാനത്തിൽ ഒന്നര മണിക്കൂർ യാത്ര ചെയ്താലേ റിയാദിൽ നിന്ന് ജിദ്ദയിലെത്താനാകൂ. 2020 ഫെബ്രുവരിയിലാണ് സൗദി ഗതാഗത മന്ത്രാലയം വിർജിൻ ഹൈപ്പർലൂപ്പുമായി കരാര്‍ ഒപ്പുവച്ചത്.

Full View

യുഎഇയിൽ ദുബായ്ക്കും അബുദാബിക്കും ഇടയിലാണ് അതിവേഗ പാത വരുന്നത്. 150 കിലോമീറ്ററാണ് ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം. നിലവിൽ റോഡു വഴി അബുദാബിയിൽ നിന്ന് ദുബായിലെത്താൻ ഒന്നര മണിക്കൂറെങ്കിലുമെടുക്കും. എന്നാൽ ഹൈപ്പർലൂപ്പിൽ ഈ യാത്ര മിനിറ്റുകൾക്കുള്ളിൽ സാധ്യമാകും.

2013ൽ സ്പേസ് എക്സ്, ടെസ്ല മോട്ടോഴ്സ് സ്ഥാപകൻ ഇലോൺ മസ്‌ക് ആണ് ഹൈപ്പർലൂപ്പ് ആശയം ആദ്യമായി അവതരിപ്പിച്ചത്. വിമാനത്തേക്കാൾ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാനിർമ്മാണ ചെലവും ഉയർന്ന സുരക്ഷയുമാണ് മസ്‌ക് അവതരിപ്പിച്ച ഹൈപ്പർലൂപ്പിന്റെ പ്രത്യേകത.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News