''ദൈവത്തിനു നന്ദി; സൂസിയെയെങ്കിലും അവർ ബാക്കിവച്ചല്ലോ''
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഭാര്യയെയും നാലു മക്കളെയും നഷ്ടപ്പെട്ട ഫലസ്തീനുകാരൻ പറയുന്നു
'ദൈവത്തിനാണു സ്തുതിയത്രയും. ഒരു മകളെങ്കിലും ഇപ്പോൾ എന്റെ കൂടെ ബാക്കിയുണ്ട്. സൂസിയുടെ ചിരി കാണുമ്പോൾ എനിനക്കു നാലു മക്കളുടെ മുഖവും ഓർമവരും. സൂസി കൂടെയുള്ള കാലമത്രയും നാലു മക്കളും ഭാര്യയും എന്റെ കൂടെയുണ്ടാകും.'
ഗസ്സയിലെ രിമാൽ സ്വദേശിയായ റിയാദ് ഇഷ്‌കിന്ത്‌നയുടെതാണ് മുകളിൽ പറഞ്ഞ വാക്കുകൾ. രിമാൽ പ്രദേശത്ത് കഴിഞ്ഞ ദിവസം നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ റിയാദ് ഇഷ്‌ക്കിന്ത്‌നയ്ക്ക് നഷ്ടമായത് തൻരെ കുടുംബത്തെ മൊത്തമാണ്. ഭാര്യയും നാലു മക്കളും കൊല്ലപ്പെട്ടു. മക്കളിൽ രണ്ടുപേർ പെൺകുട്ടികളുമാണ്. ബാക്കിയായത് ഇളയ മകൾ സൂസിയെ മാത്രം!
ആക്രമണത്തിൽ മാരകമായി പരിക്കേറ്റ റിയാദ് ഒന്നു മരിച്ചുകിട്ടാൻ പ്രാർത്ഥിക്കുകയായിരുന്നു ആദ്യം. എന്നാൽ, സൂസി ജീവനോടെയുണ്ടെന്ന് അറിഞ്ഞതോടെ എല്ലാ വേദനയും മാറി. സൂസി ഇപ്പോൾ ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രിയിൽ പിതാവിനൊപ്പം അതേ കിടക്കയിൽ കിടന്ന് ഉറങ്ങുകയാണ്. അവളുടെയും ശരീരമാസകലം പരിക്കുകളാണ്. ഉമ്മയും സഹോദരങ്ങളും പോയ വിവരം അവൾ ഇപ്പോഴും അറിഞ്ഞിട്ടില്ല.