'അധികാരം കിട്ടിയാൽ എല്ലാ അഭയാർഥികളെ നാടുകടത്തും'; ദേശീയവാദമുയർത്തി ഉർദുഗാന്റെ എതിരാളി കമാൽ കിലിജദാർഒഗ്‌ലു
നിലവിൽ 10 മില്യൺ അഭയാർത്ഥികളുള്ള രാജ്യത്തേക്ക് ഉർദുഗാന്റെ തുറന്ന അതിർത്തി നയം 10 മില്യൺ അഭയാർത്ഥികളെ കൂടി എത്തിക്കുമെന്നും പ്രതിപക്ഷ പാർട്ടികളുടെ സഖ്യസ്ഥാനാർഥി
ഇസ്തംബുൾ: അഭയാർത്ഥികൾക്കെതിരെയുള്ള നിലപാടുമായി ദേശീയവാദമുയർത്തി തുർക്കി പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റജബ് ത്വയ്യിബ് ഉർദുഗാന്റെ എതിരാളിയായ കമാൽ കിലിജദാർഒഗ്‌ലു. അയൽരാജ്യമായ സിറിയയിൽനിന്നുൾപ്പെടെ കുടിയേറിയ ദശലക്ഷക്കണക്കിന് അഭയാർഥികളെ നാടുകടത്തുമെന്നാണ് കമാൽ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തിക്കാട്ടുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പിൽ റജബ് ത്വയ്യിബ് ഉർദുഗാൻ അഞ്ച് ശതമാനം വോട്ടിന് ലീഡ് നേടിയിരുന്നു. രണ്ടാം സ്ഥാനത്താണ് കിലിജദാർഒഗ്‌ലുവുള്ളത്. മേയ് 28നാണ് രണ്ടാം ഘട്ട മത്സരം.
രാജ്യത്ത് അനധികൃതമായി കുടിയേറാൻ അഭയാർഥികൾക്ക് അവസരം നൽകുകയാണ് നിലവിലെ ഗവൺമെന്റെന്ന് കിലിജദാർഒഗ്‌ലു കുറ്റപ്പെടുത്തി. നിലവിൽ 10 മില്യൺ അഭയാർത്ഥികളുള്ള രാജ്യത്തേക്ക് അവരുടെ തുറന്ന അതിർത്തി നയം 10 മില്യൺ അഭയാർത്ഥികളെ കൂടി എത്തിക്കുമെന്നും അദ്ദേഹം വിമർശിച്ചു. താൻ പ്രസിഡൻറായാൽ എല്ലാ അഭയാർത്ഥികളെയും ഉടൻ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുമെന്ന് കമാൽ പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള കടുത്ത അഭയാർഥി വിരുദ്ധ നിലപാട് വോട്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത്തവണ കാര്യമായ സാധ്യതയില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പാർലമെന്റിൽ ഉർദുഗാന്റെ കക്ഷി നേരത്തേ മേധാവിത്വം ഉറപ്പാക്കിയ സാഹചര്യത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് എളുപ്പം ജയിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
8.5 കോടി ജനസംഖ്യയുള്ള രാജ്യത്ത് അഭയാർഥികളുടെ സംഖ്യ മൂന്നു കോടി കവിയുമെന്നാണ് കിലിജദാർഒഗ്‌ലുവിന്റെ ആരോപണം. ആറു പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന്റെ സ്ഥാനാർഥിയായാണ് കിലിജദാർഒഗ്‌ലു മത്സരിക്കുന്നത്. 2011ൽ ബശ്ശാർ അൽ അസദ് നടത്തിയ അതിക്രമങ്ങളെ തുടർന്ന് ലക്ഷക്കണക്കിന് പേരാണ് അയൽരാജ്യമായ തുർക്കിയിലേക്ക് പലായനം ചെയ്തിരുന്നത്. നിലവിൽ നാലു മില്യൺ അംഗീകൃത അഭയാർത്ഥികൾ തുർക്കിയിലുണ്ടെന്നും ഈ കൂട്ടത്തിൽ 3.5 മില്യൺ പേർ സിറിയയിൽ നിന്നെത്തിയവരാണെന്നും അഭിയാർത്ഥി നിരീക്ഷകനായ മുറാത് ഉർദുഗാൻ പറഞ്ഞു.
I will deport All refugees if I become president of Turkey: Kemal Kilijadaroglu