ലാപ്‌ടോപ്പ് പണി പറ്റിച്ചു; ഹമാസ് വിരുദ്ധ വീഡിയോ ഡിലീറ്റ് ചെയ്ത് ഇസ്രായേൽ സേന

'ആദ്യ വീഡിയോ ഡിലീറ്റ് ചെയ്തു, പിന്നീട് പോസ്റ്റ് ചെയ്തത് മാസ്‌ക് ചെയ്ത വീഡിയോ'

Update: 2023-11-16 09:07 GMT
Editor : abs | By : Web Desk
Advertising

ഗസ്സ സിറ്റി: അൽ ഷിഫ ആശുപത്രിയെ ഹമാസ് സൈനിക കേന്ദ്രമാക്കി ഉപയോഗിച്ചു എന്നതിന് തെളിവായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ട വീഡിയോക്കെതിരെ വ്യാപക വിമർശം. ആശുപത്രിയിലെ എംആർഐ സെന്ററിൽ വച്ച് പകർത്തിയ വീഡിയോയിൽ ഭീകരപ്രവർത്തനത്തിന് തെളിവായി ഒന്നും കാണിക്കാനായില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐഡിഎഫ് വക്താവ് ലഫ്. കേണൽ ജോനാഥൻ കോൺറികസ് ആണ് വീഡിയോയിൽ ലൈവായി സംസാരിക്കുന്നത്.

ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്‌ലിൽ പങ്കുവച്ച ആദ്യ വീഡിയോ ഡിലീറ്റ് ചെയ്തത് ഇസ്രായേലിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടിയായി. ഇതേ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്‌തെങ്കിലും പ്രധാനപ്പെട്ട ചില ഭാഗങ്ങൾ മാസ്‌ക് ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.


'കട്ടില്ല, എഡിറ്റില്ല, നിഷേധിക്കാനാകാത്ത സത്യം മാത്രം' എന്ന തലവാചകത്തോടെയാണ് ആദ്യ വീഡിയോ ഐഡിഎഫ് പോസ്റ്റ് ചെയ്തത്. എകെ 47 തോക്ക് അടക്കമുള്ള ആയുധങ്ങൾ, ഇന്റലിജൻസ് ഉപകരണങ്ങൾ തുടങ്ങിയവ കണ്ടെത്തി എന്നാണ് വീഡിയോ അവകാശപ്പെട്ടത്. ലാപ്‌ടോപ്പും അതിനടുത്തുള്ളി സിഡി ബണ്ടിലും ഭീകരപ്രവർത്തനത്തിന്റെ തെളിവായി ചൂണ്ടാക്കാട്ടിയിരുന്നു.

ലെനോവ തിങ്ക്പാഡ് ടി490 ലാപ്‌ടോപ്പാണ് വീഡിയോയിൽ കാണിച്ചിരുന്നത്. അതിനടുത്തായിരുന്നു സിഡി ശേഖരം. യഥാർത്ഥത്തിൽ സിഡി ഡ്രൈവ് ഇല്ലാത്ത ലാപ്‌ടോപ്പാണ് തിങ്ക്പാഡ് ടി490. സമൂഹമാധ്യമങ്ങൾ ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ ഐഡിഎഫ് വീഡിയോ ഡിലീറ്റ് ചെയ്തു. വീണ്ടും പോസ്റ്റ് ചെയ്ത വീഡിയോയിൽ ലാപ്‌ടോപ് പൂർണമായി മാസ്‌ക് ചെയ്യപ്പെട്ടിരുന്നു. രണ്ടാമത്തെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ 'കട്ടില്ല, എഡിറ്റില്ല, നിഷേധിക്കാനാകാത്ത സത്യം മാത്രം' എന്ന തലവാചകവുമുണ്ടായിരുന്നില്ല. 



ലാപ്‌ടോപ്പിലെ സ്‌ക്രീനിൽ (ആദ്യ വീഡിയോ) ഒക്ടോബർ ഏഴിന് ഹമാസ് ബന്ദിയാക്കിയ ഐഡിഎഫ് സൈനിക ഒറി മെഗിദിഷിന്റെ ചിത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം 29ന് ഷിൻ ബെറ്റിലെ കരയാക്രമണത്തിൽ ഇസ്രായേൽ സേന മോചിപ്പിച്ച സൈനികയാണ് ഇവർ. മെഗിദിഷ് കുടുംബവുമായി സന്ധിക്കുന്നതിന്റെ നിമിഷങ്ങൾ ഐഡിഎഫ് ഒക്ടോബർ 31ന് എക്‌സിൽ (നേരത്തെ ട്വിറ്റർ) പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലാപ്‌ടോപ് ഇസ്രായേലിന്റേതാണ് എന്ന് തെളിയിക്കുന്നതാണ് മെഗിദിഷിന്റെ ചിത്രമെന്ന് സമൂഹമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രിക്കുള്ളിൽ ഹമാസ് ആയുധം സൂക്ഷിച്ചതിന്റെ തെൡവായാണ് ഇസ്രായേൽ വീഡിയോ പുറത്തുവിട്ടത്. ആശുപത്രി സൈനിക ഓപറേഷനായി ഉപയോഗിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കോൺറികസ് ആരോപിക്കുന്നു. ആയുധങ്ങൾ സൂക്ഷിച്ച ബാഗുകൾ, ഏതാനും തോക്കുകൾ, വെടിയുണ്ട, ഒരു ഗ്രനേഡ് എന്നിവയാണ് പ്രധാനമായും വീഡിയോയിൽ കാണിക്കുന്നത്. 



ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ ബുധനാഴ്ച രാത്രി മുതൽ ഐഡിഎഫിന്റെ സമ്പൂർണ നിയന്ത്രണത്തിലാണ്. ഹമാസിന്റെ സൈനിക കേന്ദ്രമാണ് അൽ ഷിഫ എന്നാണ് ഇസ്രായേലും യുഎസും അവകാശപ്പെട്ടിരുന്നത്. ആശുപത്രിയുടെ ബേസ്‌മെന്റിൽ ഹമാസ് സൈനിക താവളം പ്രവർത്തിക്കുന്നതിന്റെ ഗ്രാഫിക് വീഡിയോയും ഇസ്രായേൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇത് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ ഐഡിഎഫിന് ലഭിച്ചിട്ടില്ല.

ആറു ടാങ്കുകളുടെ അകമ്പടിയോടെ നൂറു കമാൻഡോകളാണ് അൽ ഷിഫയിലേക്ക് കടന്നുകയറിയത്. എത്തിയ ഉടൻ 16നും 40നും ഇടയിലുള്ള എല്ലാ പുരുഷന്മാരെയും സൈന്യം ചോദ്യം ചെയ്തു. ഓരോ മുറികളും അരിച്ചുപെറുക്കി. അകത്തുള്ളവരോട് ഉടൻ പുറത്തുവരാൻ ആവശ്യപ്പെട്ട് ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News