റഫക്കു നേരെ ആക്രമണം ആസന്നമാണെന്ന സൂചന നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി

ആക്രമണം നടത്തും മുമ്പ്​ സിവിലിയൻ സുരക്ഷ ഉറപ്പാക്കുന്നതു സംബന്​ധിച്ച്​ യാതൊരു പദ്ധതിയും ഇസ്രായേൽ കൈമാറിയിട്ടില്ലെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ ​സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു

Update: 2024-03-14 00:56 GMT
Editor : Jaisy Thomas | By : Web Desk

യോവ് ഗാലന്‍റ്

Advertising

തെല്‍ അവിവ്: റഫക്കു നേരെ ആക്രമണം ആസന്നമാണെന്ന സൂചന നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റ്. ആക്രമണം നടത്തും മുമ്പ്​ സിവിലിയൻ സുരക്ഷ ഉറപ്പാക്കുന്നതു സംബന്​ധിച്ച്​ യാതൊരു പദ്ധതിയും ഇസ്രായേൽ കൈമാറിയിട്ടില്ലെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ ​സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ നിർദേശം ഹമാസി​ന്‍റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഫക്കു ​നേരെ ആക്രമണം നടത്താനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. ഒക്​ടോബർ ഏഴിന്‍റെ​ കുറ്റകൃത്യത്തിൽ പങ്കു​ചേർന്ന മുഴുവൻ പേരെയും ഗസ്സയിലും പുറത്തും ഉൻമൂലനം ചെയ്യുമെന്ന്​ ഗാലന്റ്​ പറഞ്ഞു. ലക്ഷങ്ങൾ അധിവസിക്കുന്ന റഫക്കു നേരെയുള്ള ആക്രമണം വലിയ മാനുഷിക ദുരന്തത്തിന്​ വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും അമേരിക്ക. സിവിലിയൻ സുരക്ഷക്ക്​ കൃത്യമായ പദ്ധതി കാണാതെ ആക്രമണത്തിന്​ തുനിയരുതെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറിയും വ്യക്തമാക്കി. എന്നാൽ അത്തരം ഒരു പദ്ധതി ഇതുവരെയും ഇസ്രായേൽ നൽകിയിട്ടില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പാക്കാനും ബന്ദിമോചനത്തിനും താൽക്കാലിക വെടിനിർത്തൽ ആവശ്യമാണെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. എന്നാൽ പുതിയ വെടിനിർത്തൽ കരാർ നിർദേശം ഹമാസി​ന്‍റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നതായും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലേക്ക്​ കൂടുതൽ സഹായം ​കൈമാറണമെന്ന ലോകരാജ്യങ്ങളുടെ അഭ്യർഥന ഇനിയും ഫലം കണ്ടില്ല. വടക്കൻ ഗസ്സയിൽ പട്ടിണി കൂടുതൽ വ്യാപകം. പോഷകാഹാര കുറവും നിർജലീകരണവും മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്​. എയർഡ്രോപ്പും സമുദ്രം വഴിയുമുള്ള ഭക്ഷ്യസഹായവും ഗസ്സയുടെ ദുരിതം അകറ്റാൻ പര്യാപ്​തമല്ലെന്ന്​ ബ്രിട്ടൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ വ്യക്​തമാക്കി. അതേ സമയം താൽക്കാലിക തുറമുഖത്തിന്​ രൂപം നൽകി സഹായം ലഭ്യമാക്കാനുള്ള നീക്കത്തിന്​ ഖത്തർ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയതായി അമേരിക്ക. തുറമുഖ നിർമാണത്തിന്​ സമയമെടുക്കുമെങ്കിലും കപ്പൽ മാർഗം സഹായ വിതരണത്തിനുള്ള നീക്കം ആരംഭിച്ചതായും വൈറ്റ്​ഹൗസ്​. കരമാർഗം കൂടുതൽ സഹായം ഗസ്സക്ക്​ കൈമാറാൻ യൂറോപ്യൻ യൂനിയനും മറ്റ്​ അഞ്ചു രാജ്യങ്ങളും സംയുക്​ത പ്രസ്​താവനയിൽ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു.

ഗസ്സയിൽ സ്വാധീനമുള്ള ചില കുടുംബങ്ങളെ കൂട്ടുപിടിച്ച്​ സഹായവിതരണത്തിന്​ ബദൽ സംവിധാനം ഒരുക്കാനുള്ള ഇസ്രായേൽ നീക്കം പരാജയപ്പെട്ടു. ഗസ്സയിലെ സർക്കാർ സംവിധാനവുമായല്ലാതെ ആരുമായും സഹകരിക്കില്ലെന്ന്​ കുടുംബങ്ങൾ അറിയിച്ചതോടെയാണിത്​. ഇത്തരം കുൽസിത നീക്കങ്ങളിലൂടെ ഫലസ്​തീൻ ജനതയിൽ വേർതിരിവുണ്ടാക്കാൻ കഴിയില്ലെന്ന്​ ഹമാസ്​ മുന്നറിയിപ്പ്​ നൽകി. റഫയിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിനു നേർക്ക്​ നടന്ന ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും 22 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഗസ്സയിൽ സഹായത്തിനു കാത്തുനിന്നവർക്കു നേരെ ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ നിരവധി പേർക്ക്​ പരിക്ക്​. ഹിസ്​ബുല്ലയുടെ മിസൈൽ ആക്രമണത്തെ തുടർന്ന്​ രാത്രിയിലും ലബനനു നേർക്ക്​ ഇസ്രായേൽ വ്യോമാക്രമണമുണ്ടായി. യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക്​ നേരെ യു.എസ്​ , ബ്രിട്ടീഷ്​ ആക്രമണം ഇന്നലെയും തുടർന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News