ആണവ വിഷയം; ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള ഉന്നതതല ചർച്ച ശനിയാഴ്ച നടക്കുമെന്ന് ട്രംപ്
മരണക്കെണിയിൽ നിന്ന് സ്വതന്ത്ര സോണായി മാറുന്ന ഗസ്സയെ മനോഹര ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുകയെന്നതാണ് ആശയമെന്നും ട്രംപ് കൂട്ടിച്ചേർത്തു
വാഷിംഗ്ടൺ: ആണവ വിഷയത്തിൽ ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള ഉന്നതതല ചർച്ച ശനിയാഴ്ച നടക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ചർച്ച പരാജയപ്പെട്ടാൽ ഇറാന്‍റെ സ്ഥിതി അപകടത്തിലെന്നും ട്രംപിന്‍റെ മുന്നറിയിപ്പ്. ഗസ്സയെന്ന മരണക്കെണിയിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കുകയാണ് പ്രധാനമെന്നും ബന്ദികളുടെ മോചനം ഉറപ്പാക്കാൻ ശ്രമം തുടരുമെന്നും ട്രംപ് അറിയിച്ചു.
ആണവ വിഷയത്തിൽ ഇറാനുമായി നേരിട്ടുള്ള ചർച്ച ശനിയാഴ്ച നടക്കുമെന്ന് ട്രംപ് വെളിപ്പെടുത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ചർച്ച പരാജയപ്പെട്ടാൽ ഏറ്റവും വലിയ അപകടമാകും ഇറാൻ നേരിടുകയെന്നും ആണവായുധം സ്വന്തമാക്കാൻ തെഹ്റാനെ ഒരു നിലക്കും അനുവദിക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. ഫലസ്തീനികളെ പുറന്തള്ളി ഗസ്സയെ വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുകയെന്ന പദ്ധതി ട്രംപ് ആവർത്തിച്ചു. മരണക്കെണിയിൽ നിന്ന് സ്വതന്ത്ര സോണായി മാറുന്ന ഗസ്സയെ മനോഹര ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുകയെന്നതാണ് ആശയമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഗസ്സയിലുള്ളവർക്ക് മറ്റു രാജ്യങ്ങളിലേക്ക് സ്വമേധയാ പോകാനുള്ള അവസരം ലഭ്യമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും പ്രതികരിച്ചു. ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ച ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളുടെ മോചനത്തിനും ശ്രമം തുടരുമെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഒന്നര വർഷത്തിലേറെയായി തുടരുന്ന വംശഹത്യയിൽ ഗസ്സയുടെ പകുതിയോളം ഭൂപ്രദേശങ്ങളുടെ നിയന്ത്രണം ഇസ്രായേൽ പിടിച്ചെടുത്തതായി റിപ്പോർട്ട്. ഇസ്രായേലി സൈനികർ, മനുഷ്യാവകാശ സംഘടനകൾ, ഗസ്സ വിദഗ്ധർ എന്നിവരെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഗസ്സ അതിർത്തി മേഖലയിലെ ഭൂപ്രദേശങ്ങളാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും.