കുളിച്ചാല്‍ കുടിക്കാനുള്ള വെള്ളമുണ്ടാകില്ല; ടോയ്‍ലറ്റില്‍ പോകാന്‍ പോലും മണിക്കൂറുകള്‍ കാത്തിരിക്കണം; ദുരിതക്കയത്തില്‍ ഗസ്സ
കുടിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും വെള്ളമില്ലാതെ വലയുകയാണ് ഗസ്സ നിവാസികള്‍
തെല്‍ അവിവ്: ഇസ്രായേല്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതിനു ശേഷം ദുരിതക്കയത്തിലാണ് ഗസ്സയിലെ ജനങ്ങള്‍. കുടിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും വെള്ളമില്ലാതെ വലയുകയാണ് ഗസ്സ നിവാസികള്‍.
സുരക്ഷയ്ക്കായി തെക്കോട്ട് പോകണമെന്ന് ഇസ്രായേൽ സൈന്യം എൻക്ലേവിന്‍റെ വടക്ക് നിവാസികൾക്ക് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് 43 കാരനായ അഹമ്മദ് ഹമീദ്, ഭാര്യയോടും ഏഴ് മക്കളോടും ഒപ്പം ഗസ്സ സിറ്റിയിൽ നിന്ന് റഫയിലേക്ക് പലായനം ചെയ്തു.'' ഞങ്ങള്‍ ദിവസങ്ങളായി കുളിച്ചിട്ട്...ടോയ്‍ലറ്റില്‍ പോകാന്‍ മണിക്കൂറുകളോളം ക്യൂവില്‍ കാത്തിരിക്കണം'' ഹമീദ് എഎഫ്‌പിയോട് പറഞ്ഞു."ഭക്ഷണമില്ല, എല്ലാ സാധനങ്ങളും കിട്ടാനില്ല. ലഭ്യമായവയുടെ വില കുതിച്ചുയർന്നു. ട്യൂണ ക്യാനുകളും ചീസും മാത്രമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഒന്നും ചെയ്യാന്‍ കഴിയുന്നില്ല, സ്വയം ഒരു ഭാരമായി തോന്നുന്നു'' ഹമീദ് കൂട്ടിച്ചേര്‍ത്തു.
55 കാരിയായ മോന അബ്ദുൾ ഹമീദ് ഗസ്സ സിറ്റിയിലെ വീട്ടിൽ നിന്ന് റഫായിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു.എന്നാല്‍ മറ്റേതോ വീട്ടിലാണ് അവര്‍ എത്തിപ്പെട്ടത്. "എനിക്ക് അപമാനവും നാണക്കേടും തോന്നുന്നു. ഞാൻ അഭയം തേടിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് ആവശ്യത്തിന് വസ്ത്രങ്ങളില്ല. കഴുകാന്‍ വെള്ളമില്ലാതെ അവ ഉപയോഗ ശൂന്യമായിരുക്കുന്നു. വൈദ്യുതിയും വെള്ളവും ഇന്‍റര്‍നെറ്റുമില്ല. എനിക്ക് എന്‍റെ മനുഷ്യത്വം നഷ്ടപ്പെടുന്നത് പോലെ തോന്നുന്നു'' മോന പറയുന്നു.
വെള്ളിയാഴ്ച മുതൽ, സബാഹ് മസ്ബ (50) ഭർത്താവിനും മകൾക്കും മറ്റ് 21 ബന്ധുക്കൾക്കും ഒപ്പം റഫായിലെ ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്."ഏറ്റവും മോശവും അപകടകരവുമായ കാര്യം ഞങ്ങൾക്ക് വെള്ളം കണ്ടെത്താനാകുന്നില്ല എന്നതാണ്. വെള്ളം വളരെ കുറവായതിനാൽ ഞങ്ങളാരും ഇപ്പോൾ കുളിക്കുന്നില്ല," അവർ എഎഫ്‌പിയോട് പറഞ്ഞു. ''എങ്ങനെ വെള്ളം കിട്ടുമെന്നാണ് ഞങ്ങള്‍ ഓരോ ദിവസവും ചിന്തിക്കുന്നത്. കുളിച്ചാല്‍ കുടിക്കാനുള്ള വെള്ളമുണ്ടാകില്ല'' മറ്റൊരു ഗസ്സ നിവാസി പറഞ്ഞു.
ഇസ്രായേൽ ഗസ്സയിൽ നിരന്തരമായ വ്യോമാക്രമണം ആരംഭിച്ചതിനുശേഷം ഏകദേശം 10 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി യുഎൻ കണക്കാക്കുന്നു.ഹമാസ് ആക്രമണത്തിൽ ഇസ്രായേൽ ഭാഗത്ത് 1,400-ലധികം ആളുകൾ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.ഗസ്സയില്‍ 2670 പേരെങ്കിലും കൊലപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ ഫലസ്തീനികളാണ്.