വെടിനിർത്തൽ കൊണ്ട് തീർന്നില്ല; ചെയ്ത യുദ്ധക്കുറ്റങ്ങൾക്കെല്ലാം സമാധാനം പറയണമെന്ന് ഇൽഹാൻ ഉമർ
അധിനിവേശം അവസാനിപ്പിക്കാൻ ഒന്നും ചെയ്യാതെ മനുഷ്യരാശിക്കെതിരായ കുറ്റങ്ങളുടെ ഉത്തരവാദിത്തം ഒഴിവാക്കിക്കൊടുക്കുന്നത് നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു
വെടിനിർത്തൽ കൊണ്ട് എല്ലാം തീരില്ലെന്ന് യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റ് അംഗം ഇൽഹാൻ ഉമർ. ഇസ്രായേൽ ഗസ്സയിൽ ചെയ്ത ഓരോ കുറ്റങ്ങൾക്കും കൃത്യമായി നടപടി വേണമെന്ന് അവർ ട്വിറ്ററിൽ ആവശ്യപ്പെട്ടു. ഇസ്രായേലിന് പിന്തുണ തുടരുന്നതിലൂടെ യുദ്ധക്കുറ്റങ്ങൾക്കുകൂടിയുള്ള തന്ത്രപൂർവമുള്ള പിന്തുണയാണ് അമേരിക്ക നൽകുന്നതെന്നും ഇൽഹാൻ ആരോപിച്ചു.
വെടിനിർത്തൽ വഴി കൂടുതൽ പൗരന്മാരും കുട്ടികളും കൊല്ലപ്പെടുന്നത് തടയാനാകുമെന്നതിൽ നമ്മൾക്കൊക്കെ ആശ്വാസമുണ്ട്. എന്നാൽ, ഇനിയെന്താണ് വേണ്ടത്? ഓരോ യുദ്ധക്കുറ്റങ്ങൾക്കും നഷ്ടപരിഹാരം വേണ്ടതുണ്ട്. അധിനിവേശം അവസാനിപ്പിക്കാൻ ഒന്നും ചെയ്യാതെ മനുഷ്യരാശിക്കെതിരായ കുറ്റങ്ങളുടെ ഉത്തരവാദിത്തം ഒഴിവാക്കിക്കൊടുക്കുന്നത് നിര്‍ത്തുകയും വേണം-ട്വീറ്റിൽ ഇൽഹാൻ ആവശ്യപ്പെട്ടു.
We should all be grateful that a ceasefire will prevent more civilians and children from being killed.
— Ilhan Omar (@IlhanMN) May 21, 2021
But now what? We need accountability for every war crime committed. And we need to stop underwriting crimes against humanity while doing nothing to end the occupation.
ഈജിപ്തിന്റെ മധ്യസ്ഥതയിൽ നടന്ന ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനെക്കുറിച്ചായിരുന്നു ഇൽഹാൻ ഉമറിന്റെ പ്രതികരണം. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന നരഹത്യയെ പിന്തുണച്ച ബൈഡൻ ഭരണകൂടത്തിന്റെ നടപടിയെ അവർ രൂക്ഷമായി വിമർശിച്ചിരുന്നു. ഇസ്രായേലുമായി ആയുധക്കച്ചവടം നടത്താനുള്ള നീക്കത്തിനെതിരെയും ഇൽഹാൻ അടക്കമുള്ള നിരവധി ഡെമോക്രാറ്റ് അംഗങ്ങൾ ശബ്ദിച്ചിരുന്നു.