അതിന് ശേഷം ഞാൻ കൂടുതൽ വിശ്വാസിയായി മാറി: ട്രംപ്

ബൈഡന്‍റെ പിന്മാറ്റം അട്ടിമറിയാണെന്നും ഇലോണ്‍ മസ്കുമായുള്ള അഭിമുഖത്തില്‍ ട്രംപ് ആരോപിച്ചു

Update: 2024-08-13 06:39 GMT
Editor : Lissy P | By : Web Desk
Advertising

വാഷിങ്ടൺ: കഴിഞ്ഞ മാസം പെൻസിൽവാനിയയിൽ നടന്ന വധശ്രമത്തിന് പിന്നാലെ താൻ കൂടുതൽ വിശ്വാസിയായി മാറിയെന്ന് അമേരിക്കൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എക്സ് ഉടമ ഇലോൺ മസ്‌കുമായി സോഷ്യൽ മീഡിയ നെറ്റ് വർക്കിൽ നടത്തിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമർശം.

'തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ആ സംഭവമുണ്ടായത്. അതൊരു ബുള്ളറ്റാണെന്നും അതെന്റ ചെവിയിൽ വന്നുകൊണ്ടുവെന്നും ഞാൻ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു'...ട്രംപ് പറഞ്ഞു.

'ദൈവത്തിൽ വിശ്വസിക്കാത്ത നിരവധി ആളുകളുണ്ട്..നമ്മളെല്ലാം അതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്നാണ് എനിക്ക് തോന്നുന്നത്'...അദ്ദേഹം കൂട്ടിച്ചേർത്തു.

'നിങ്ങൾക്കറിയാമോ, ഞാൻ ഒരു വിശ്വാസിയാണ്. ഇപ്പോൾ ഞാൻ കൂടുതൽ വിശ്വാസിയായെന്ന് ഞാൻ കരുതുന്നു. ഒരുപാട് ആളുകൾ എന്നോട് അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.' റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി പറഞ്ഞു.

തലനാരിഴക്കായിരുന്നു വധശ്രമത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത്. റാലിക്കിടയിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഷൂട്ടറായ തോമസ് മാത്യു ക്രൂക്ക്‌സിനെ രഹസ്യാന്വേഷണ വിഭാഗം വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം, ജോബൈഡന്റെ പിന്മാറ്റത്തെക്കുറിച്ചും ട്രംപ് മനസ് തുറന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറിയത് 'അട്ടിമറി' ആണെന്ന് ട്രംപ് ആരോപിച്ചു. കമല ഹാരിസ് വിജയിച്ചാൽ രാജ്യത്ത് ബിസിനസ് ഇല്ലാതാകുമെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ ബൈഡനെ ഞാൻ തകർത്തിരുന്നു. മികച്ചൊരു സംവാദങ്ങളിലൊന്നായിരുന്നു അത്. അതിന് പിന്നാലെയാണ് പിന്മാറാൻ ബൈഡൻ നിർബന്ധിതനായതെന്നും ട്രംപ് പറഞ്ഞു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News