'മരണഭയമില്ലാതെ ജീവിക്കാൻ കഴിയണം'-വധശ്രമത്തിന് ശേഷം ഇമ്രാൻ ഖാൻ പൊതുവേദിയിൽ
പഞ്ചാബ് പ്രവിശ്യയിലെ പ്രതിഷേധ പരിപാടിക്കിടെ കാലിൽ വെടിയേറ്റ ഇമ്രാൻ ഖാൻ ആഴ്ചകളായി വിശ്രമത്തിലായിരുന്നു
റാവൽപിണ്ടി: വധശ്രമത്തിന് ശേഷം പാക് മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്ററുമായ ഇമ്രാൻ ഖാൻ വീണ്ടും പൊതുവേദിയിൽ. റാവൽപിണ്ടിയിൽ നടന്ന പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് റാലിയിലാണ് അദ്ദേഹം പങ്കെടുത്തത്. ഇമ്രാൻ ഖാൻറെ പ്രസംഗം കേൾക്കാൻ ജനലക്ഷങ്ങള്‍ റാവൽപിണ്ടിയിലേക്ക് ഒഴുകിയെത്തി.
മരണഭയമില്ലാതെ ജീവിക്കാൻ കഴിയണമെന്ന് റാലിയെ അഭിസംബോധന ചെയ്യവെ ഇമ്രാൻ പറഞ്ഞു. തന്റെ പാർട്ടിയിലെ മുഴുവൻ ജനപ്രതിനിധികളും രാജിവെക്കുമെന്നും തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജിവെക്കുന്ന കാര്യം മന്ത്രിമാരുമായും മറ്റു നേതാക്കളുമായും കൂടി ആലോചിക്കും. സംഘർഷം ഒഴിവാക്കാതിരിക്കാൻ ലോങ് മാർച്ച് നടത്തേണ്ട എന്നാണ് നിലവിലെ തീരുമാനം. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങൾക്ക് ഈ ഗവൺമെന്റിന്റെ ഭാഗമാവാൻ താൽപര്യമില്ല. എല്ലാ അസംബ്ലിയിൽ നിന്നും രാജിവെച്ച് ദുഷിച്ച ഈ വ്യവസ്ഥിയിൽ നിന്നും പുറത്ത് കടക്കാൻ ഞങ്ങൾ തീരുമാനിച്ചു'- ഇമ്രാൻ ഖാൻ പറഞ്ഞു.
തനിക്കെതിരെയുണ്ടായ ആക്രമണത്തിൽ മൂന്ന് കുറ്റവാളികൾ ഉണ്ടെന്നും അവർ തന്നെ വീണ്ടും ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഷഹബാസ് ഷെരീഫ് സർക്കാറിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഇസ്ലാമാബാദിലേക്ക് സംഘടിപ്പിച്ച ലോങ്മാർച്ചിനിടെ കാലിൽ വെടിയേറ്റ ഇമ്രാൻ ഖാൻ ആഴ്ചകളായി വിശ്രമത്തിലായിരുന്നു. പ്രതിഷേധ റാലി പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിലെത്തിയിരിക്കെയാണ് സംഭവം നടന്നത്. പ്രതിയെ പിടി കൂടിയെങ്കിലും ആരുടെയും പ്രേരണമൂലമല്ല ആക്രമണം നടത്തിയതെന്നും ഇമ്രാൻ ജനങ്ങളെ തെറ്റായ വഴിയിൽ നയിക്കുന്നതിനാലാണ് വധിക്കാൻ ശ്രമം നടത്തിയതെന്നുമായിരുന്നു പ്രതിയുടെ മൊഴി.
വെടിയേറ്റതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളിൽ അദ്ദേഹത്തിന്റെ അനുയായികളിൽ ഒരാൾ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.