'എന്നെ ജയിലിൽ അടക്കാനല്ല, കൊല്ലാനായിരുന്നു പദ്ധതി'; അതിന് അധികം സമയമെടുക്കില്ലെന്ന് ഇമ്രാൻഖാൻ
'എന്നെ കൊല്ലാൻ 20 അജ്ഞാതർ കോടതി സമുച്ചയത്തിൽ എത്തിയിരുന്നു'
ഇസ്‍ലാമാബാദ്: തന്നെ കൊല്ലാനായി അജ്ഞാതർ മരണക്കെണി ഒരുക്കിയിരുന്നതായി മുൻ പാകിസ്താൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീക്-ഇ-ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാൻ. കോടതിയിൽ മൊഴിയെടുക്കുമ്പോൾ തന്നെ കൊല്ലുമെന്നും അതിനാല്‍ ഓൺലൈനായി ഹാജരാകാൻ അനുമതി നൽകണമെന്നും അദ്ദേഹം ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ഇതിനോടകം തന്നെ നൂറിലധികം കേസുകൾ അന്വേഷണം നേരിടുകയാണ് ഇമ്രാൻഖാൻ. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച ഉപഹാരങ്ങൾ മറിച്ചുവിറ്റെന്ന തോഷഖാന കേസിൽ ഫെഡറൽ ജുഡീഷ്യൽ കോംപ്ലക്സിൽ (എഫ്ജെസി) ഹിയറിങ്ങിനെത്തിയപ്പോൾ അവിടെ 'മരണ കെണി' സ്ഥാപിച്ചതായി അദ്ദേഹം ആരോപിച്ചതായി ദി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് താൻ കൊല്ലപ്പെട്ടേക്കുമെന്ന് അദ്ദേഹം പറഞ്ഞത്. തന്നെ കൊല്ലാനായി 20 ഓളം അജ്ഞാതർ കോടതി സമുച്ചയത്തിൽ എത്തിയിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. 'എന്നെ ജയിലിലടക്കാനല്ല,കൊല്ലാനായിരുന്നു അവരുടെ പരിപാടി.അതിന് അധികം സമയമെടുക്കില്ല,അതിൽ അവർ വിജയിക്കം..അപ്പോൾ ആരാണ് ഉത്തരവാദിയെന്നും ' അദ്ദേഹം ചോദിച്ചു.
ശനിയാഴ്ച തോഷഖാന കേസിൽ വാദം കേൾക്കുന്നതിനായി ഇമ്രാൻ കോടതിയിൽ എത്തിയപ്പോൾ പി.ടി.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷമുണ്ടാക്കി തന്നെ ഇല്ലാതാക്കാനായിരുന്നു പദ്ധതിയെന്നും ഇമ്രാൻ അവകാശപ്പെട്ടു.
എന്റെ മരണം അപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.