ഇംറാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പാകിസ്താനിൽ വ്യാപക പ്രതിഷേധം; പാർട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ഖാന്‍
പാക് മുൻ പ്രധാനമന്ത്രിയും തഹ് രികെ ഇൻസാഫ് പാർട്ടി അധ്യക്ഷനുമായ ഇംറാൻ ഖാനെ അറസ്റ്റുചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് ഇംറാന്‍റെ വസതിക്കുമുന്നിൽ പൊലീസും അനുയായികളും തമ്മിൽ ഏറ്റുമുട്ടിയത്
ഇസ്‍ലാമാബാദ്: ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പാകിസ്താനിൽ വ്യാപക പ്രതിഷേധം. പൊലീസും ഇംറാന്‍റെ അനുയായികളും തമ്മിൽ സംഘർഷം . അറസ്റ്റ് പ്രതീക്ഷിച്ച് പാർട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ഇംറാന്‍ ഖാൻ.
പാക് മുൻ പ്രധാനമന്ത്രിയും തഹ് രികെ ഇൻസാഫ് പാർട്ടി അധ്യക്ഷനുമായ ഇംറാൻ ഖാനെ അറസ്റ്റുചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് ഇംറാന്‍റെ വസതിക്കുമുന്നിൽ പൊലീസും അനുയായികളും തമ്മിൽ ഏറ്റുമുട്ടിയത്. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ ഉപഹാരങ്ങൾ വൻ വിലയ്ക്ക് മറിച്ചുവിറ്റുവെന്ന കേസിലാണ് ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ലാഹോറിലെത്തിയത്. ഇതിനുപിന്നാലെ വീഡിയോ സന്ദേശവുമായെത്തിയ ഇംറാന്‍ താൻ ജയിലിൽ പോയാലും കൊല്ലപ്പെട്ടാലും സംഘടിക്കണമെന്നും പോരാടണമെന്നും ആഹ്വാനം ചെയ്തു . ഇതോടെ പ്രവർത്തകർ ഇംറാന്‍റെ വസതിക്കുമുന്നിൽ തടിച്ചുകൂടി.അനുയായികളും പൊലീസും തമ്മിൽ സംഘർഷം . പൊലീസിനു നേരെ കല്ലേറുണ്ടായി. അനുയായികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ലാഹോറിലെ വസതിക്കുമുന്നിൽ സംഘർഷം തുടരുന്നതിനാൽ അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇംറാന്‍റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റ് പ്രതീക്ഷിച്ച് ഇംറാന്‍ ഖാൻ പി.ടി.ഐ പാർട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചതായാണ് സൂചന.