ബംഗ്ലാദേശിൽ തൊഴില്‍ സംവരണ പ്രക്ഷോഭം രൂക്ഷമാകുന്നു; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് നിർദേശം
സംഘർഷത്തിൽ മൂന്ന് വിദ്യാർഥികളടക്കം ആറുപേരാണ് കൊല്ലപ്പെട്ടത്
ധാക്ക: ബംഗ്ലാദേശിൽ സർക്കാർ മേഖലയിലെ തൊഴിൽസംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമാകുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് നിർദേശവുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ. താമസ സ്ഥലത്ത് നിന്ന് പുറത്തേക്കിറങ്ങരുതെന്നും യാത്ര ഒഴിവാക്കണമെന്നും ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പൗരന്മാരോട് അഭ്യർഥിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈൻ നമ്പറുകളും ഹൈക്കമ്മീഷൻ പങ്കുവെച്ചു.
ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളോടും ബംഗ്ലാദേശിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യാർഥികളോടും യാത്ര ഒഴിവാക്കാനും താമസിക്കുന്ന സ്ഥലത്തിന് നിന്ന് പുറത്തേക്കിറങ്ങുന്നത് കുറക്കാനും നിർദേശിക്കുന്നു.എന്തെങ്കിലും അടിയന്തര സാഹചര്യമോ സഹായത്തിനുള്ള സാഹചര്യമോ ഉണ്ടായാൽ, ഹൈക്കമ്മീഷനെയും അസിസ്റ്റൻസ് ഹൈക്കമ്മീഷനെയും ബന്ധപ്പെടണമെന്നുമാണ് നിർദേശം.
ഈ ആഴ്ചയാണ് ബംഗ്ലാദേശിൽ സംവരണ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർഥി സംഘടനയിലെ അംഗങ്ങളുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ മൂന്ന് വിദ്യാർഥികളടക്കം ആറുപേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധിച്ച വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ആക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.
നിലവിൽ സർക്കാർ സർവീസിൽ 30 ശതമാനം സീറ്റുകൾ 1971 ലെ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്ക് സംവരണം ചെയ്തിരിക്കുകയാണ്. ഇതിനെതിരെയാണ് പ്രക്ഷോഭം നടക്കുന്നത്. സംവരണ സമ്പ്രദായം പരിഷ്‌കരിച്ച് സർക്കാർ സർവീസുകളിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. സർക്കാർ മേഖലകളിൽ സംവരണം ഇല്ലാതാക്കുന്ന 2018 ലെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജൂൺ അഞ്ചിന് ഹൈക്കോടതി തള്ളിയിരുന്നു. ഏകദേശം 32 ദശലക്ഷത്തോളം വരുന്ന ബംഗ്ലാദേശി യുവാക്കൾ തൊഴില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുകയാണെന്നാണ് പ്രക്ഷോഭകർ പറയുന്നത്.