"ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കണം''; മോദിയോട് ജോ ബൈഡൻ
അസമിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ മനുഷ്യത്വ രഹിതമായ നടപടിയാണെന്ന വിമർശനം നടക്കുന്നതിനിടയിലാണ് ബൈഡന്റെ പരാമർശം
ഇന്ത്യയോട് ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കണമെന്ന നിർദ്ദേശവുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമർശം. ഇന്ത്യയുടെ വൈവിധ്യത്തെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം മോദിയോട് ആഹ്വാനം ചെയ്തു.അസമിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ മനുഷ്യത്വ രഹിതമായ നടപടിയാണെന്ന വിമർശനം നടക്കുന്നതിനിടയിലാണ് ബൈഡന്റെ പരാമർശം ഉണ്ടായിരിക്കുന്നത്. അഹിംസ,സഹിഷ്ണുത, സഹനം ഇവയെല്ലാമാണ് എപ്പോഴും മുന്നിട്ട് നിൽക്കേണ്ടതെന്നും അദ്ദേഹം ഗാന്ധി ജയന്തി ദിനം ഓർമിച്ചെടുത്തു കൊണ്ട് പറഞ്ഞു.
ഇന്നലെയാണ് മോദി-ബൈഡൻ കൂടിക്കാഴ്ച നടന്നത്.ബൈഡൻ അമേരിക്കൻ പ്രസിഡൻറായശേഷം ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയ അധ്യായമാണ് ആരംഭിക്കുന്നതെന്ന് ജോ ബൈഡൻ പറഞ്ഞു. വ്യാപാര ബന്ധം ഊട്ടിയുറപ്പിച്ചും സൗഹൃദത്തിലൂടെ പുതിയ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ ആഹ്വാനം ചെയ്തുമായിരുന്നു കൂടിക്കാഴ്ച. വരും ദശകങ്ങളെ മുന്നിൽ കണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തമാക്കാൻ ഇന്ത്യ തയാറാണെന്ന് മോദി ബൈഡനോട് പറഞ്ഞു. ഈ ദശകത്തെ നിർവചിക്കുന്നതിൽ ബൈഡന്റെ നേതൃഗുണത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് മോദി പ്രകീർത്തിച്ചു.
ഇന്ത്യ- അമേരിക്ക ബന്ധം മുമ്പെന്നത്തേക്കാളും ശക്തമാക്കാനുള്ള സൗഹൃദത്തിന് വിത്ത് പാകിക്കഴിഞ്ഞതായി മോദി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തെ ഏറെ പ്രതീക്ഷയോടെയാണ് യു.എസ് കാണുന്നതെന്ന് ബൈഡൻ പ്രതികരിച്ചു. 40 ലക്ഷം ഇന്തോ-അമേരിക്കൻ വംശജർ അമേരിക്കയെ കരുത്തരായി നിലനിർത്താൻ ഓരോ ദിവസവും പ്രയത്നിക്കുന്നുണ്ട്. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിക്കാൻ ഇന്ത്യ-അമേരിക്ക സഹകരണത്തിലൂടെ സാധിക്കുമെന്ന് ബൈഡൻ പ്രത്യാശ പ്രകടിപ്പിച്ചു. മോദി ഇന്ന് യുഎൻ സഭയെ അഭിസബോധന ചെയ്യും.