ഹോങ്കോങ്ങിൽ ലൈവ് ചെയ്യുന്നതിനിടെ വ്ലോഗറായ കൊറിയൻ വിനോദസഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം; ഇന്ത്യക്കാരൻ അറസ്റ്റിൽ
യുവാവ് വ്ലോഗറുടെ കൈയിൽ കയറി പിടിക്കുകയും 'എന്റെ കൂടെ വരൂ, ഞാനൊറ്റയ്ക്കാണ്' എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും പിടുത്തം മുറുക്കുകയും ചെയ്തു.
ബെയ്ജിങ്: ഹോങ്കോങ്ങിൽ വിനോദ സഞ്ചാരത്തിനെത്തി ലൈവ് സ്ട്രീമിങ് ചെയ്യുന്നതിനിടെ ദക്ഷിണ കൊറിയൻ യുവതിക്ക് നേരത്തെ ഇന്ത്യൻ യുവാവിന്റെ ലൈംഗികാതിക്രമം. തന്റെ ട്രിപ്പിനെ കുറിച്ച് വിവരിച്ച് ലൈവ് ചെയ്യുന്നതിനിടെയായിരുന്നു വ്ലോഗറായ യുവതിക്ക് നേരെ പീഡനം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ അമിത് ജരിയാൽ എന്നയാളെ അറസ്റ്റ് ചെയ്തതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
സെൻട്രൽ ഏരിയയിലെ ഒരു ട്രാംസ്റ്റോപ്പിൽ യുവതി നിൽക്കവെ അപരിചിതനായ ആൾ വഴി ചോദിച്ച് യുവതിയെ സമീപിച്ചു. സൗഹാർദപരമായി ആരംഭിച്ച സംഭാഷണത്തിനിടെ, യുവാവ് വ്ലോഗറുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുകയും തന്നോടൊപ്പം വരാൻ ആവശ്യപ്പെടുകയും ചെയ്തു.
യുവാവ് വ്ലോഗറുടെ കൈയിൽ കയറി പിടിക്കുകയും 'നോക്കൂ, എന്റെ കൂടെ വരൂ, ഞാനൊറ്റയ്ക്കാണ്' എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും പിടുത്തം മുറുക്കുകയും ചെയ്തു. ഇതോടെ, 'ഇല്ല, ഇല്ല' എന്ന് ആവർത്തിച്ച് പറഞ്ഞ് യുവതി അയാളുടെ പിടിയിൽ നിന്ന് മോചിതയാകാൻ ശ്രമിച്ചു.
യുവതി ബുദ്ധിമുട്ടും അനിഷ്ടവും വ്യക്തമാക്കിയിട്ടും അയാൾ ശല്യപ്പെടുത്തുകയും പിന്തുടരുകയും ചെയ്തു. മെട്രോ സ്റ്റേഷനിലെ ഗോവണിപ്പടിയിലൂടെ യുവതി ഇറങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി. ഓടിയെത്തിയ പ്രതി യുവതിയെ ബലമായി ഒരു ഭിത്തിയിൽ അമർത്തുകയും 'ഞാൻ തനിച്ചാണ്, എന്നോടൊപ്പം വാ' എന്നാക്രോശിക്കുകയും ചെയ്തു.
എന്നാൽ യുവതി അയാളെ തള്ളിമാറ്റാൻ ശ്രമിക്കുകയും നിലവിളിക്കുകയും ചെയ്തെങ്കിലും പ്രതി പിന്മാറിയില്ല. പൊടുന്നനെ യുവതിയുടെ നെഞ്ചിൽ അമർത്തിപ്പിടിച്ച് ബലമായി ചുംബിക്കുകയും ചെയ്തു. സഹായത്തിനായി യുവതി നിലവിളിച്ചപ്പോൾ പ്രതി തിരികെ മുകളിലേക്ക് കയറി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി അതിക്രമത്തിന്റെ ആഘാതത്താൽ കരഞ്ഞുകൊണ്ട് ഗോവണിപ്പടികൾ ഇറങ്ങുന്നത് വീഡിയോയിൽ കാണാം.
ഇതെല്ലാം ലൈവായി സംപ്രേഷണം ചെയ്തുകൊണ്ടിരുന്നതിനാൽ തന്നെ സംഭവം സോഷ്യൽമീഡിയയിൽ വലിയ കോളിളക്കുണ്ടാക്കി. പലരും കണ്ടന്റ് ക്രിയേറ്റർമാരുടെ സുരക്ഷയെ കുറിച്ച് ആശങ്ക പങ്കുവച്ചു. ചിലർ പ്രതിയെ തിരിച്ചറിയുകയും അമിത് ജരിയാൽ എന്നാണ് പേരെന്ന് കമന്റ് ചെയ്യുകയും ചെയ്തു.
റിപ്പോർട്ട് അനുസരിച്ച്, ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന ഇയാളെ ചൊവ്വാഴ്ച കെന്നഡി ടൗണിലെ ബെൽച്ചേഴ്‌സ് സ്ട്രീറ്റിൽ നിന്ന് പൊലീസ് പിടികൂടി. സംഭവത്തിന് ശേഷം, വ്ലോഗർ മക്കാവുവിലേക്ക് പോവുകയും അവിടെ നിന്ന് ചെയ്ത മറ്റൊരു ലൈവ് സ്ട്രീമിൽ തന്റെ ദുരനുഭവം പങ്കുവയ്ക്കുകയും ആക്രമണത്തിനിടെ തനിക്ക് നേരിട്ട മുറിവുകൾ കാണിക്കുകയും ചെയ്തു.