കാമുകിയുടെ പ്രതിശ്രുതവരന്റെ വീടിന് പുറത്ത് തീയിട്ടു; സിംഗപ്പൂരിൽ ഇന്ത്യൻ വംശജന് തടവ്
മുഖം സിസിടിവി ക്യാമറയിൽ പതിയാതിരിക്കാൻ കറുത്ത മുഖംമൂടി ധരിച്ചാണ് ഇയാൾ ഫ്ലാറ്റിലെത്തിയത്.
വിവാഹത്തിന് മുന്നോടിയായി തന്റെ മുൻ കാമുകിയുടെ പ്രതിശ്രുതവരന്റെ അപ്പാർട്ട്മെന്റിന് പുറത്ത് തീയിട്ടതിന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജന് ആറ് മാസം തടവ്. സുരേന്ദിരൻ സുകുമാരൻ എന്ന 30കാരനാണ് കോടതി ശിക്ഷ വിധിച്ചത്.
സംഭവത്തിൽ ഒക്ടോബർ സുകുമാരൻ കുറ്റം സമ്മതിച്ചിരുന്നു. തന്റെ മുൻ കാമുകി വിവാഹിതയാകുന്നു എന്നറിഞ്ഞപ്പോൾ ദേഷ്യവും അസൂയയും തോന്നിയ അയാൾ പ്രതിശ്രുത വരൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന് പുറത്ത് തീയിടുകയായിരുന്നു. മാർച്ച് 11ന് ഇൻസ്റ്റഗ്രാമിലൂടെയാണ് സുകുമാരൻ തന്റെ കാമുകി മുഹമ്മദ് അസ്‌ലി എന്നയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ച കാര്യം അറിയുന്നത്.
അസ്‌ലി താമസിക്കുന്ന ഫ്ലാറ്റിന്റെ മുൻഗേറ്റ് പൂട്ടിയ ശേഷം ഇയാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ കോമ്പൗണ്ടിൽ തീയിടുകയായിരുന്നു. കല്യാണത്തിന് മുമ്പായിരുന്നു ഇത്. മുഖം സിസിടിവി ക്യാമറയിൽ പതിയാതിരിക്കാൻ കറുത്ത മുഖംമൂടി ധരിച്ചാണ് ഇയാൾ ഫ്ലാറ്റിലെത്തിയത്.
സിസിടിവിയിൽ നിന്ന് രക്ഷപ്പെടാനാണ് സുകുമാരൻ ഈ വഴി സ്വീകരിച്ചതെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഭരത് എസ് പഞ്ചാബി പറഞ്ഞു. രാവിലെ 8.22ന് യുവാവ് തന്റെ അപ്പാർട്ട്മെന്റിന്റെ വാതിൽ തുറന്നപ്പോൾ മുൻ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതും നിരവധി ഷൂസുകളടക്കം കത്തിച്ചിരിക്കുന്നതും കാണുകയും ഇതോടെ പൊലീസിനെ വിളിക്കുകയുമായിരുന്നു.
അതേസമയം, ഇത്തരം കുറ്റകൃത്യങ്ങൾ ഫ്ലാറ്റിലെ മറ്റു താമസക്കാർക്ക് വലിയ അപകടമാണെന്ന് നിരീക്ഷിച്ചാണ് ജില്ലാ കോടതി ജഡ്ജ് യൂജിൻ ടിയൂ വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. വസ്തുവകകൾക്ക് നാശനഷ്ടം വരുത്താൻ സാധ്യതയുണ്ടെന്ന് അറിഞ്ഞ് തീയിട്ട് അക്രമം നടത്തുന്നവർക്ക് സിംഗപ്പൂരിൽ ഏഴ് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ.