നായ കുരച്ചതിന് ഓസ്ട്രേലിയൻ യുവതിയെ കൊന്ന് കുഴിച്ചുമൂടി; ഇന്ത്യക്കാരൻ നാല് വർഷത്തിന് ശേഷം പിടിയിൽ

ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഓസ്ട്രേലിയൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Update: 2022-11-26 12:35 GMT
Advertising

ന്യൂഡൽഹി: നായ കുരച്ചതിന് ഉടമയായ ഓസ്ട്രേലിയൻ യുവതിയെ കാെന്ന് കുഴിച്ചുമൂടിയ ഇന്ത്യക്കാരൻ നാല് വർഷത്തിനു ശേഷം അറസ്റ്റിൽ. കൊലപാതക ശേഷം ഇന്ത്യയിലേക്ക് കടന്ന ഡൽഹി സ്വദേശി രജ്‌വീന്ദര്‍ സിങ്ങിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 24കാരിയായ തോയാഹ് കോര്‍ഡിങ്‌ലേ ആണ് കൊല്ലപ്പെട്ടത്. 2018ൽ ഓസ്ട്രേലിയയിലെ ക്വീസ് ലാൻഡ് വാ​ൻ​ഗെറ്റി ബീച്ചിലായിരുന്നു സംഭവം.

ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഓസ്ട്രേലിയൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്കെതിരെ ഡൽഹി പാട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. നായ പ്രതിയുടെ മുന്നിലെത്തി കുരച്ചതിൽ പ്രകോപിതനായാണ് ഇയാൾ ഉടമയായ യുവതിയെ കൊലപ്പെടുത്തിയത്.

ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് ബീച്ചിലേക്കിറങ്ങിയതായിരുന്നു 38കാരനായ പ്രതി. ഈ സമയം തന്റെ കൈയിൽ കുറച്ച് പഴങ്ങളും ഒരു കത്തിയും ഉണ്ടായിരുന്നെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. ഫാർമസി ജീവനക്കാരിയായ തോയാഹ് ഈ സമയം നായയുമായി ബീച്ചിലൂടെ നടക്കുകയായിരുന്നു. രജ്‌വീന്ദര്‍ സിങ്ങിനെ കണ്ടതോടെ നായ കുരയ്ക്കാൻ തുടങ്ങി. ഇതോടെ തോയാഹും രജ്‌വീന്ദറും തമ്മിൽ വാക്കുതർക്കത്തിലായി. പിന്നാലെ രജ്‌വീന്ദര്‍ യുവതിയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് മൃതദേഹം കുഴിച്ചിടുകയും നായയെ ഒരു മരത്തിൽ കെട്ടിയിടുകയുമായിരുന്നു. രണ്ട് ദിവസത്തിനു ശേഷം ഭാര്യയെയും മൂന്ന് മക്കളെയും കൂടാതെ ജോലിയും ഉപേക്ഷിച്ച് രജ്‌വീന്ദർ സിങ് ഓസ്‌ട്രേലിയ വിട്ട് ഇന്ത്യയിലേക്ക് കടന്നു. തുടർന്നാണ് ഇയാൾക്കായി വാറന്റും റെഡ്കോർണർ നോട്ടീസും പുറത്തിറക്കിയത്.

ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡ‍ൽ ഏജൻസിയായ സി.ബി.ഐ നൽകിയ വിവരത്തെ തുടർന്ന് ഡൽ​ഹി ജി.ടി കർനാൽ റോഡിൽ നിന്നാണ് പ്രതിയെ ഡൽ​ഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥൻ അറിയിച്ചു. തുടർന്ന് ‍ഡൽഹി കോടതിയിൽ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News