ബംഗ്ലാദേശിൽ ക്ഷേത്രവിഗ്രഹങ്ങൾ തകർത്ത് കലാപശ്രമം; 45കാരൻ അറസ്റ്റിൽ

ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജൻ്റുമാർ ബംഗ്ലാദേശിൽ വർഗീയ കലാപം സൃഷ്ടിക്കാൻ സജീവമായി ശ്രമിക്കുകയാണെന്ന് ബം​ഗ്ലാദേശ് ഡിഫൻസ് റിസർച്ച് ഫോറം എക്സിൽ കുറിച്ചു.

Update: 2024-09-17 18:35 GMT
Advertising

ധാക്ക: ബം​ഗ്ലാദേശിൽ ക്ഷേത്രങ്ങളിൽ കയറി വി​ഗ്രഹങ്ങൾ തകർത്ത് കലാപത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. സഞ്ജിത് ബിശ്വാസ് എന്ന 45കാരനെയാണ് പൊലീസ് പിടികൂടിയത്. ഫരീദ്പൂർ ജില്ലയിലെ ഭം​ഗയിലെ കാളി ക്ഷേത്രം, ഹരി ക്ഷേത്രം എന്നിവിടങ്ങളിലെ വി​ഗ്രഹങ്ങളാണ് ഇയാൾ തകർത്തതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച കാളി ക്ഷേത്രത്തിനടുത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി ബം​ഗ്ലാദേശ് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ക്ഷേത്രത്തിലെ വി​ഗ്രഹങ്ങൾ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ ക്ഷേത്ര കമ്മിറ്റി പരാതി നൽകുകയായിരുന്നു. തുടർന്ന്, ഉപജില്ലാ നിർബാഹി ഓഫീസർ ബി.എം കുദ്രത് ഇ ഖൂഡ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ പ്രാദേശിക ഹിന്ദു സമുദായ നേതാക്കളുടെ യോ​ഗം വിളിച്ചുചേർത്തു.

തുടർന്നു നടത്തിയ അന്വേഷണത്തിൽ, സംഭവസ്ഥലത്തിന് സമീപം രണ്ട് പേരെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടു. ഒരാൾ ക്ഷേത്രത്തിന് മുന്നിൽ ഉപേക്ഷിച്ച സ്‌ട്രെച്ചറിൽ കിടക്കുകയും മറ്റൊരാൾ സ്‌ട്രെച്ചറിന് സമീപം നിലത്ത് കിടക്കുകയുമായിരുന്നു. ഇതിലൊരാൾ പ്രദേശവാസിയായ വയോധികനാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞതായും രണ്ടാമൻ സഞ്ജിത് ബിശ്വാസ് ആയിരുന്നെന്നും ഫരീദ്പൂർ എസ്പി അബ്ദുൽ ജലീൽ പറഞ്ഞു. ബംഗാളിയും ഹിന്ദിയും മാറിമാറി സംസാരിച്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ, താൻ ഇന്ത്യക്കാരനാണെന്ന് സഞ്ജിത് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ, അറസ്റ്റിനു പിന്നാലെ ഇയാളുടെ പിതാവ് നിഷികാന്ത് ബിശ്വാസ് ജില്ലാ പൊലീസുമായി ബന്ധപ്പെട്ടതായും സഞ്ജിത് നിജാംകണ്ടി സ്വദേശിയാണെന്നും മാനസികരോ​ഗിയാണെന്നും പറഞ്ഞതായും ഫരീദ്പൂർ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഷൈലൻ ചക്മ പറഞ്ഞു.

25 വയസുള്ളപ്പോൾ സഞ്ജിത് ജോലിക്കായി ഇന്ത്യയിൽ പോയിരുന്നതായും അങ്ങനെയാണ് ബം​ഗാളി ഭാഷയ്ക്കൊപ്പം ഹിന്ദിയും പഠിച്ചതെന്നും കുറച്ചുവർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് തിരികെയെത്തിയതായും പിതാവ് അവകാശപ്പെട്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഭംഗ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് മോക്‌സുദൂർ റഹ്മാൻ പറഞ്ഞു.

അതേസമയം, സംഭവത്തിൽ, ആശങ്ക ഉന്നയിച്ച് ബംഗ്ലാദേശി ആക്ടിവിസ്റ്റുകൾ രം​ഗത്തെത്തി. ബംഗ്ലാദേശിലെ സമാധാനവും ഐക്യവും തകർക്കാനുള്ള വലിയ ആസൂത്രിത പദ്ധതിയുടെ ഭാഗമാകാം ഇയാളുടെ പ്രവൃത്തിയെന്ന് അവർ ആരോപിച്ചു.

'ഫരീദ്പൂരിലെ വി​ഗ്രഹം നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ നാദിയയിൽ നിന്നുള്ള സഞ്ജിത് ബിശ്വാസ് എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജൻ്റുമാർ ബംഗ്ലാദേശിൽ വർഗീയ കലാപം സൃഷ്ടിക്കാൻ സജീവമായി ശ്രമിക്കുന്നു'- ബം​ഗ്ലാദേശ് ഡിഫൻസ് റിസർച്ച് ഫോറം എക്സിൽ കുറിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News