10 വയസിനുള്ളിൽ സന്ദർശിച്ചത് 50 രാജ്യങ്ങൾ; അതും ഒരുദിവസം പോലും സ്കൂള്‍ നഷ്ടപ്പെടുത്താതെ ..!

മൂന്നാം വയസില്‍ ജർമ്മനിയിലേക്കായിരുന്നു അദിതിയുടെ ആദ്യ യാത്ര

Update: 2023-07-22 05:09 GMT
Editor : Lissy P | By : Web Desk
Advertising

ലണ്ടന്‍: യാത്ര പോകാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ പലപ്പോഴും അതിനുള്ള സാഹചര്യവും സമയവുമൊന്നും ലഭിച്ചെന്ന് വരില്ല. പക്ഷേ  അദിതി ത്രിപാഠിയെന്ന പത്തുവയസുകാരി യാത്ര തുടങ്ങിയത് തന്‍റെ മൂന്നാമത്തെ വയസിലാണ്.  ഈ വയസിനുള്ളില്‍ മാതാപിതാക്കൾക്കൊപ്പം സന്ദർശിച്ചത് 50 രാജ്യങ്ങൾ. അതും ഒരുദിവസത്തെ സ്‌കൂൾ പോലും നഷ്ടപ്പെടുത്താതെ..

സൗത്ത് ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദീപക്കിന്‍റെയും ഭാര്യ അവിലാഷയുടെയും മകളാണ് ത്രിപാഠി. മകളുമൊത്ത് ഒരുപാട് യാത്ര ചെയ്യണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. ലോകത്തെ വ്യത്യസ്ത സംസ്‌കാരങ്ങളും ഭക്ഷണങ്ങളും ഭൂപ്രകൃതിയും ആളുകളെയും മകൾ അറിഞ്ഞു വളരണമെന്നായിരുന്നു ഈ മാതാപിതാക്കളുടെ സ്വപ്‌നം.

അദിതി യൂറോപ്പിലെ ഭൂരിഭാഗം സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. കൂടാതെ തായ്ലൻഡ്, ഇന്തോനേഷ്യ, സിംഗപ്പൂർ,നേപ്പാൾ, ഇന്ത്യ തുടങ്ങിയ നിരവധി രാജ്യങ്ങളും ഇതിനോടകം തന്നെ സന്ദർശിച്ചിട്ടുണ്ട്. എന്നാല്‍  ഒരുപാട് യാത്രകൾ ചെയ്യുമ്പോഴും അവളുടെ സ്‌കൂളിലെ ഒരു ക്ലാസ് പോലും നഷ്ടമാകരുതെന്ന് മാതാപിതാക്കൾക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് തന്നെ യാത്രകൾക്ക് സ്‌കൂൾ അവധി ദിവസങ്ങളും ബാങ്ക് അവധി ദിവസങ്ങളും മാത്രം തെരഞ്ഞെടുത്തു. കൃത്യമായ പ്ലാനിങ്ങുകളോട് കൂടി യാത്ര ചെയ്യുന്നത് കൊണ്ട് അതിദിക്ക് പഠനം നഷ്ടമായതുമില്ല.

ഒരോ വർഷവും ഇവർ യാത്രക്കായി 20,000 പൗണ്ട് (21 ലക്ഷത്തിലധികം രൂപ) ആണ് ചെലവഴിക്കുന്നത്. അദിതിയുടെ മാതാപിതാക്കൾ അക്കൗണ്ടന്റുമാരായാണ് ജോലി ചെയ്യുന്നത്. യാത്രക്ക് കൂടുതൽ പണം കണ്ടെത്താൻ മറ്റ് ചിലവുകൾ വെട്ടിക്കുറക്കുകയാണ് ഇവർ ചെയ്യുന്നത്. പുറത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും യാത്രക്കായി പൊതുഗതാഗതത്തെ ആശ്രയിക്കുകയും ചെയ്യും. ഇവർക്ക് സ്വന്തമായി ഒരു കാർ പോലും ഇല്ല. വീട്ടിലിരുന്നാണ് ഇരുവരും ജോലി ചെയ്യുന്നത്.

'മൂന്നാം വയസുമുതലാണ് മകളുമൊത്ത് യാത്ര തുടങ്ങിയത്. വെള്ളിയാഴ്ച സ്‌കൂളിൽ നിന്ന് വന്നാൽ യാത്രക്ക് പോകും. ഞായറാഴ്ച രാത്രിയായിരിക്കും തിരിച്ചെത്തുക. ചിലപ്പോൾ തിങ്കളാഴ്ച രാവിലെയാകും എത്തുക. ആ ദിവസങ്ങളിൽ എയർപോർട്ടിൽ നിന്ന് നേരെ സ്‌കൂളിലേക്ക് പോകും.' അതിദിയുടെ പിതാവ് യാഹൂ ലൈഫ് യുകെ യോട് പറഞ്ഞു.

കോവിഡിന് മുമ്പ്, ഒരു വർഷത്തിൽ ഏകദേശം 12 സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നു ഇവർ പറയുന്നു.ജർമ്മനിയിലേക്കായിരുന്നു അദിതിയുടെ ആദ്യ യാത്ര ഇതുവരെ സന്ദർശിച്ചതിൽ നേപ്പാൾ, ജോർജിയ, അർമേനിയ എന്നീ രാജ്യങ്ങളാണ് കൂടുതൽ ഇഷ്ടമെന്നും അതിദി പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News