മൂന്നുമാസം മുന്‍പ് ഭാര്യക്ക് ഒരു സ്വര്‍ണമാല വാങ്ങിയതാ, ഇപ്പോള്‍ കോടിപതി; സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജനെ ഭാഗ്യം തുണച്ചത് ഇങ്ങനെ...

സിംഗപ്പൂരില്‍ കഴിഞ്ഞ 21 വര്‍ഷമായി പ്രോജക്ട് എഞ്ചിനിയറായി ജോലി ചെയ്യുന്ന ബാലസുബ്രഹ്മണ്യൻ ചിദംബരമാണ് ഈ ഭാഗ്യവാന്‍

Update: 2024-11-30 07:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

സിംഗപ്പൂര്‍: ഭാഗ്യം അങ്ങനെയാണ്...എപ്പോഴാണ് നമ്മളെ തേടിവരുന്നതെന്ന് പറയാന്‍ സാധിക്കില്ല. പ്രതീക്ഷിക്കാത്ത നേരത്ത് ഭാഗ്യം തുണച്ചാല്‍ അതില്‍പരമൊരു സന്തോഷം വേറെയുണ്ടോ? സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജനായ പ്രോജക്ട് എഞ്ചിനിയറെ ഭാഗ്യം തേടിവന്നത് നറുക്കെടുപ്പിന്‍റെ രൂപത്തിലായിരുന്നു. ഒരു മില്യൺ യുഎസ് ഡോളറാണ് (8 കോടിയിലധികം രൂപ) ഇദ്ദേഹത്തിന് ബമ്പര്‍ സമ്മാനമായി ലഭിച്ചത്.

സിംഗപ്പൂരില്‍ കഴിഞ്ഞ 21 വര്‍ഷമായി പ്രോജക്ട് എഞ്ചിനിയറായി ജോലി ചെയ്യുന്ന ബാലസുബ്രഹ്മണ്യൻ ചിദംബരമാണ് ഈ ഭാഗ്യവാന്‍. കഴിഞ്ഞ നവംബർ 24ന് മുസ്തഫ ജ്വല്ലറി സംഘടിപ്പിച്ച ഭാഗ്യ നറുക്കെടുപ്പിലാണ് ചിദംബരത്തിന് കോടികള്‍ അടിച്ചത്. മൂന്നുമാസം മുന്‍പ് ലിറ്റിൽ ഇന്ത്യയിലെ സ്റ്റോർ സന്ദർശിച്ചപ്പോൾ ഭാര്യക്കായി 6,000 സിംഗപ്പൂർ ഡോളർ മുടക്കി ഒരു മാല വാങ്ങിയിരുന്നു. ഈ മാലയാണ് കോടികളിലേക്കുള്ള വഴിവെട്ടിയത്. ജ്വല്ലറിയില്‍ കുറഞ്ഞത് 250 ഡോളറെങ്കിലും ചെലവഴിച്ച ഉപഭോക്താക്കള്‍ക്കായിരുന്നു നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത. ജ്വല്ലറിയുടെ വാർഷിക പരിപാടിയുടെ ഭാഗമായുള്ള നറുക്കെടുപ്പ് ടെസെൻസോണിലെ സിവിൽ സർവീസ് ക്ലബ്ബില്‍ വച്ചാണ് നടന്നത്.

അപ്രതീക്ഷിതമായി കോടിപതി ആയതിന്‍റെ ഞെട്ടലിലാണ് ചിദംബരം. “ഇന്ന് എൻ്റെ അച്ഛൻ്റെ നാലാം ചരമവാർഷികമാണ്. അതൊരു അനുഗ്രഹമാണ്'' അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി സിംഗപ്പൂരിലുള്ളതുകൊണ്ട് സമ്മാനത്തിന്‍റെ ഒരു വിഭാഗം ഇവിടുത്തെ സമൂഹത്തിനായി ചെലവഴിക്കുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. ജ്വല്ലറിയുടെ പ്രതിമാസ നറുക്കെടുപ്പിന്‍റെ ഭാഗമായി നിരവധി ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News