പാസ്‌പോർട്ടിന്റെ 'ശക്തി'; ആദ്യ റാങ്കുകളിൽ ഏഷ്യൻ രാജ്യങ്ങൾ, ഇന്ത്യ 87-ൽ

വിസയില്ലാതെയോ വിസ-ഓൺ-അറൈവൽ വഴിയോ എത്ര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും എന്നതിനെ ആശ്രയിച്ചാണ് പാസ്‌പോർട്ടിന്റെ ശക്തി നിർണയിക്കുന്നത്

Update: 2022-07-20 11:35 GMT
Editor : André | By : Web Desk
Advertising

ലോകത്തിലെ "ശക്തമായ" പാസ്‌പോർട്ടുകളിൽ ഇന്ത്യൻ പാസ്പോർട്ടിന്  87-ാം സ്ഥാനം. പാസ്‌പോർട്ടുകളുടെ ശക്തിദൗർബല്യങ്ങൾ വിലയിരുത്തുന്ന ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിലെ ഈ വർഷത്തെ റാങ്കിങ് പ്രകാരമാണിത്. ജപ്പാന്റെ പാസ്‌പോർട്ടാണ് പട്ടികയിൽ ഒന്നാമത്. ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂരും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ അഫ്ഗാനിസ്താനാണ് അവസാന സ്ഥാനമായ 112-ൽ.

ഒരു രാജ്യത്തിന്റെ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെയോ വിസ-ഓൺ-അറൈവൽ വഴിയോ എത്ര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും എന്നതിനെ ആശ്രയിച്ചാണ് പാസ്‌പോർട്ടിന്റെ ശക്തി നിർണയിക്കുന്നതെന്ന് റാങ്ക് പുറത്തുവിട്ട ഇമിഗ്രേഷൻ കൺസൾട്ടൻസിയായ ഹെൻലി ആന്റ് പാർട്ട്‌ണേഴ്‌സ് വ്യക്തമാക്കി.

ജാപ്പനീസ് പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവും. സിംഗപ്പൂരിലെയും ദക്ഷിണ കൊറിയയിലെയും പാസ്‌പോർട്ടുകൾ ഉപയോഗിച്ച് 192 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ഏഴാം സ്ഥാനത്തുള്ള അമേരിക്കയുടെ പാസ്‌പോർട്ടുപയോഗിച്ച് 186 രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യാനാവുക.

ഇന്ത്യയ്‌ക്കൊപ്പം മൗറിത്താനിയ, തജിക്കിസ്താൻ എന്നീ രാജ്യങ്ങളാണ് 87-ാം റാങ്കിലുള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ള വിസരഹിത യാത്രാസാധ്യത 60 രാജ്യങ്ങളിലേക്കാണ്. 2021-ൽ 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ ഓൺലൈൻ അറൈവലിലൂടെയോ സഞ്ചരിക്കാമായിരുന്ന ഇന്ത്യൻ പാസ്‌പോർട്ട് 90-ാം റാങ്കിലായിരുന്നു.

അയൽരാഷ്ട്രങ്ങളായ പാകിസ്താൻ (109-ാം റാങ്ക്), ശ്രീലങ്ക (103), അഫ്ഗാനിസ്താൻ (112), നേപ്പാൾ (106), ബംഗ്ലാദേശ് (104), ഭൂട്ടാൻ (93) എന്നിവയുടെ പാസ്‌പോർട്ട് റാങ്കിങ് പ്രകാരം ഇന്ത്യൻ പാസ്‌പോർട്ടിനേക്കാൾ പിറകിലാണ്.

പട്ടികയിൽ റഷ്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം 50 ആണ്. 119 രാജ്യങ്ങളിലേക്കാണ് റഷ്യൻ പാസ്‌പോർട്ടുപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാനാവുക. റഷ്യ അധിനിവേശം നടത്തിയ യുക്രെയ്ൻ പാസ്‌പോർട്ട് റാങ്കിംഗിൽ റഷ്യയെ മറികടന്നു. യുക്രെയ്‌നിൽ നിന്ന് 144 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെയോ ഓൺ അറൈവൽ വില വഴിയോ യാത്ര സാധ്യമാവുക.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News