വളര്‍ത്തുനായയില്ലാതെ നാട്ടിലേക്കില്ല; യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥി സഹായം തേടുന്നു
തന്‍റെ വളര്‍ത്തു നായയെ കൂടി കൂടെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന തീരുമാനത്തിലാണ് യുക്രൈനില്‍ കുടുങ്ങിയ റിഷഭ്
യുദ്ധഭൂമിയില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള പരക്കംപാച്ചിലിലാണ് യുക്രൈനിലെ സ്വദേശികളും വിദേശികളും. എന്നാല്‍ എത്രയും പെട്ടെന്ന് സ്വന്തം നാട്ടിലെത്താനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോഴും തന്‍റെ വളര്‍ത്തുനായയെ ഉപേക്ഷിച്ചുപോരാന്‍ ഇന്ത്യാക്കാരനായ റിഷഭ് കൗശിക് എന്ന വിദ്യാര്‍ഥി തയ്യാറല്ല. എങ്ങനെയെങ്കിലും തന്‍റെ ഓമനയായ നായയെ കൂടി ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് റിഷഭ്.
തന്‍റെ വളര്‍ത്തു നായയെ കൂടി കൂടെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന തീരുമാനത്തിലാണ് യുക്രൈനില്‍ കുടുങ്ങിയ റിഷഭ്. ഖാര്‍കീവ് നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് റേഡിയോ ഇലക്ട്രോണിക്‌സില്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് റിഷഭ്. നായയെ കൂടി നീട്ടിലെത്തിക്കാന്‍ നിരവധി രേഖകള്‍ ശരിയാക്കി വരികയാണെന്നും എന്നാല്‍ അധികൃതര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും റിഷഭ് പറയുന്നു. അവര്‍ വിമാന ടിക്കറ്റ് ചോദിക്കുന്നു. യുക്രൈനില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചതിനാല്‍ വിമാന ടിക്കറ്റ് എങ്ങനെ കിട്ടാനാ? റിഷഭ് പറഞ്ഞു.
സര്‍ക്കാരിനു കീഴില്‍ ഡല്‍ഹിയിലുള്ള ആനിമല്‍ ക്വാറന്‍റൈന്‍ ആന്‍റ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസുമായും യുക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് അനുമതി തേടിയെങ്കിലും ഫലമുണ്ടായില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ റിഷഭ് പറയുന്നു. സഹായം തേടി ഡല്‍ഹി വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ചപ്പോള്‍ അദ്ദേഹം തെറിവിളിക്കുകയാണ് ചെയ്തതെന്നും സഹകരിച്ചില്ലെന്നും റിഷഭ് പറയുന്നു. യാത്രയില്‍ വളര്‍ത്തു പട്ടിയെ കൂടെ കൊണ്ടു വരാനുള്ള നിയമപരമായ നിരാക്ഷേപ പത്രം നല്‍കിയിരുന്നുവെങ്കില്‍ ഇതിനകം താന്‍ ഇന്ത്യയിലെത്തുമായിരുന്നുവെന്നും റിഷഭ് കൂട്ടിച്ചേര്‍ത്തു.
ഖാര്‍കീവിലെ ഒരു ബങ്കറിലാണ് റിഷഭും നായയും അഭയം തേടിയിരിക്കുന്നത്. ബങ്കറിലെ തണുപ്പ് നായക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്നും റിഷഭ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഖാര്‍കീവില്‍ നിന്ന് ലഭിച്ച നായക്ക് മാലിബു പേരിട്ടതും റിഷഭ് തന്നെയാണ്. നിരന്തരമായ ബോംബാക്രമണം മൂലം മാലിബു പേടിച്ചിരിക്കുകയാണെന്നും എപ്പോഴും കരച്ചിലാണെന്നും വീഡിയോയില്‍ പറയുന്നു. "നിങ്ങൾക്ക് കഴിയുമെങ്കിൽ, ദയവായി ഞങ്ങളെ സഹായിക്കൂ. കിയവിലെ ഇന്ത്യൻ എംബസി പോലും ഞങ്ങളെ സഹായിക്കുന്നില്ല. ഞങ്ങൾക്ക് ആരിൽ നിന്നും ഒരു സഹായവും ലഭിക്കുന്നില്ല" അദ്ദേഹം ഇന്ത്യൻ സർക്കാരിനോടുള്ള അഭ്യർത്ഥനയിൽ പറഞ്ഞു.