ഇന്ത്യൻ ടെക്കി ദമ്പതികളും മകനും യു.എസിൽ വെടിയേറ്റു മരിച്ച നിലയിൽ
യു.എസിൽ ഒൻപതു വർഷത്തോളമായി സോഫ്റ്റ്‌വെയർ എൻജിനീയർമാരായി ജോലി ചെയ്തുവരികയാണ് മരിച്ച യോഗേഷും പ്രതിഭയും
വാഷിങ്ടൺ: യു.എസിൽ ഇന്ത്യക്കാരായ ദമ്പതിമാരെയും ആറു വയസുള്ള മകനെയും വെടിയേറ്റു മരിച്ച നിലയിൽ. കർണാടകയിലെ ദാവനഗരെ ജില്ലയിലെ ഹലേകൽ സ്വദേശികളായ യോഗേഷ് ഹൊന്നാല(37), ഭാര്യ പ്രതിഭ(35), മകൻ യാഷ് എന്നിവരെയാണ് മരിലാൻഡിലെ ടൗസണിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആത്മഹത്യ സംശയിക്കുന്നതായാണ് ബാൾട്ടിമോർ പൊലീസ് പറയുന്നത്.
യു.എസിൽ ഒൻപതു വർഷത്തോളമായി സോഫ്റ്റ്‌വെയർ എൻജിനീയർമാരായി ജോലി ചെയ്തുവരികയാണ് യോഗേഷും പ്രതിഭയും. ഭാര്യയെയും മകനെയും വെടിവച്ചു കൊന്ന ശേഷം യോഗേഷ് ആത്മഹത്യ ചെയ്തതായാണു സംശയിക്കുന്നതെന്ന് ബാൾട്ടിമോർ കൗണ്ടി പൊലീസ് അറിയിച്ചു. യുവതിയുടെയും കുട്ടിയുടെയും ശരീരത്തിൽ വെടിയേറ്റതിന്റെ പാടുകളുണ്ട്.
യോഗേഷും ഭാര്യയും സന്തോഷത്തോടെയാണു ജീവിച്ചിരുന്നതെന്ന് ഇവരുടെ ബന്ധു എം.ആർ സന്തോഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇവർ തമ്മിൽ പ്രശ്‌നമുള്ളതായി ഒരു വിവരവുമില്ല. ഇത്തരമൊരു കൃത്യത്തിലേക്കു നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായം തേടി കുടുംബം ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ട്.
Summary: Indian techie couple, minor son found shot dead in US home