കഫിയ പുതച്ച് ഉണ്ണിയേശു; ഫലസ്തീന് ഐക്യദാർഢ്യമായി പുൽക്കൂടൊരുക്കി ബെത്‌ലഹേമിലെ ചർച്ച്
ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന ഗസ്സയിലെ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഫലസ്തീൻ കുഞ്ഞുങ്ങളുടെ പ്രതീകമായാണ് ചർച്ച് ഇത്തവണ ഉണ്ണിയേശുവിനെ അവതരിപ്പിച്ചത്.
ലൈറ്റുകളും നക്ഷത്രങ്ങളും തൂക്കാനുള്ള മരത്തിനും പുല്ലിനും വൈക്കോലിനും കുടിലിനും പകരം തകർന്ന കെട്ടിടങ്ങളുടെ കോൺക്രീറ്റ് കഷ്ണങ്ങൾ. അവയിൽ ചിലതിനു മുകളിൽ മാലാഖമാരുടെ കുഞ്ഞുപ്രതിമകൾ. വെള്ള വസ്ത്രത്തിന് പകരം ഫലസ്തീനികളുടെ പരമ്പരാഗത വസ്ത്രമായ കഫിയ ധരിച്ച ഉണ്ണിയേശു. തലയുടെ മുകൾഭാഗത്തായി ഒരു മെഴുകുതിരി. താഴെ കാലികളുടെ രൂപങ്ങൾ- യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിലെ ക്രൈസ്റ്റ് ലൂഥറൻ ചർച്ചിലെ ഇത്തവണത്തെ പുൽക്കൂടാണ്.
ഇസ്രായേൽ കൂട്ടക്കുരുതിയിൽ പൊള്ളുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ചാണ് ക്രൈസ്റ്റ് ലൂഥറൻ ചർച്ച് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഇത്തരമൊരു പുൽക്കൂടൊരുക്കിയത്. ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന ഗസ്സയിലെ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഫലസ്തീൻ കുഞ്ഞുങ്ങളുടെ പ്രതീകമായാണ് ചർച്ച് ഇത്തവണ ഉണ്ണിയേശുവിനെ അവതരിപ്പിച്ചത്.
അധിനിവിഷ്ട ഫലസ്തീനിലെ ജെറുസലേമിലാണ് ബെത്‌ലഹേം സ്ഥിതി ചെയ്യുന്നത്. ഓരോ ദിനവും നിരവധി കുഞ്ഞുങ്ങളെയാണ് ഗസ്സയിലും സമീപ പ്രവിശ്യകളിലും ഇസ്രായേൽ കൊന്നൊടുക്കുന്നത്. ഈ സാഹചര്യത്തിൽ ക്രിസ്മസ് ആഘോഷവും ഫലസ്തീനികളോട് ഐക്യപ്പെടാനുള്ള അവസരമായി ഉപയോഗിച്ച ചർച്ചിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വിറ്റർ അടക്കമുള്ള സോഷ്യൽമീഡിയകളിൽ രംഗത്തെത്തിയത്. യഥാർഥ ക്രൈസ്തവ സംസ്കാരമാണ് ഇതെന്നും ധീരമായ നിലപാടാണെന്നും പലരും ചൂണ്ടിക്കാട്ടി.
ഒക്ടോബർ ഏഴ് മുതൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ 6600ലേറെ ഫലസ്തീനി കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ഭരണകൂടത്തിന്റെ മാധ്യമ ഓഫീസിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കാണാതായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫലസ്തീനിൽ ഇസ്രായേൽ അധിനിവേശം തുടങ്ങിയത് മുതൽ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും ചെയ്യുന്നതിലേറെയും കുട്ടികളും സ്ത്രീകളുമാണ്.
അമേരിക്കയടക്കമുള്ള പ്രധാന രാഷ്ട്രങ്ങളുടെ പിന്തുണയോടെ ഇസ്രായേൽ ക്രൂരത തുടരുന്നതിനിടെ ഗസ്സയിൽ നിന്നൊരു വീഡിയോയും പുറത്തുവന്നിരുന്നു. ഇസ്രായേലി സൈനികർ ഗസ്സയിലെ കൊല്ലപ്പെട്ട കുട്ടികളുടെ സൈക്കിളോടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇസ്രായേലി യുദ്ധക്കുറ്റങ്ങളും ക്രൂരതകളും തുറന്നുകാട്ടുന്ന ജാക്‌സൺ ഹിൻക്ലെയടക്കം പങ്കുവച്ച വീഡിയോക്ക് താഴെ രൂക്ഷ വിമർശനങ്ങളാണ് ഇസ്രായേലിനെതിരെ ഉയരുന്നത്.
ഫലസ്തീനിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ നിരവധി ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും വിവിധ ഏജൻസികളും രംഗത്തെത്തിയിരുന്നു. ഇസ്രായേൽ തീവ്രവാദ രാഷ്ട്രമാണെന്ന് നിരവധി പേർ എക്സിൽ കുറിച്ചു. 'ലോകത്തിൽ കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ഗസ്സ'യെന്നാണ് യുഎൻ ചിൽഡ്രൻസ് ഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞത്. വെടിനിർത്തലിന് ശേഷം ഇസ്രായേൽ വീണ്ടും ആക്രമണം തുടങ്ങിയതോടെ നൂറു കണക്കിന് കുഞ്ഞുങ്ങൾ ദിനേനെ കൊല്ലപ്പെടുമെന്നും റസ്സൽ ചൂണ്ടിക്കാട്ടി.