ഇന്ന് യു.എന്നിന്‍റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം; ലോകമെമ്പാടും വിവിധ പരിപാടികള്‍
ഫലസ്തീൻ പ്രതിരോധത്തിന്‍റെയും യുദ്ധഭീകരതയുടെയും തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുപോകുകയാണ്
ജനീവ: ഗസ്സയിൽ യുദ്ധദുരിതങ്ങൾ തുടരുന്നതിനിടെ ഇന്ന് യുഎൻ ഫലസ്തീൻ ഐക്യദാർഢ്യദിനം ആചരിക്കുന്നു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഓർമിപ്പിച്ചാണ് എല്ലാവർഷവും നവംബർ 29ന് ഫലസ്തീൻ ഐക്യദാർഢ്യദിനം ആചരിക്കുന്നത്. ലോകത്തെങ്ങും വിവിധ ചടങ്ങുകളാണ് ഐക്യദാർഢ്യദിനത്തിന്‍റെ ഭാഗമായി നടക്കുന്നത്.
ഫലസ്തീൻ പ്രതിരോധത്തിന്‍റെയും യുദ്ധഭീകരതയുടെയും തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുപോകുകയാണ്. സ്വന്തം മണ്ണിൽ നിന്ന് ആട്ടിയിറക്കപ്പെട്ട ലക്ഷങ്ങളുടെ അവകാശങ്ങൾ ലോകത്തെ ഓർമപ്പെടുത്തിയാണ് ഇന്ന് യുഎൻ ഫലസ്തീൻ ഐക്യദാർഢ്യദിനം ആചരിക്കുന്നത്. 1977ലാണ് യുഎൻ ഫലസ്തീൻ ഐക്യദാർഢ്യദിനം ആചരിച്ചു തുടങ്ങിയത്. 1947-ൽ ഫലസ്തീൻ വിഭജനം സംബന്ധിച്ച പ്രമേയം യുഎൻ ജനറൽ അസംബ്ലി അംഗീകരിച്ച തീയതിയാണ് നവംബർ 29. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത്, ഫലസ്തീൻ - എ ലാൻഡ് വിത്ത് എ പീപ്പിൾ" എന്ന പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്.
നഖ്ബ എന്ന് ഫലസ്തീനികൾ വിളിക്കുന്ന 1948ലെ കൂട്ടപ്പലായനത്തിനു ശേഷമുള്ള 75 വർഷങ്ങളെ അടയാളപ്പെടുത്തുന്നാണ് എക്സിബിഷൻ. വിയന്ന, നെയ്റോബി എന്നിവിടങ്ങളിലെഓഫീസുകളിലും പ്രത്യേക പരിപാടികളുണ്ട്. കഴിഞ്ഞ 75 വർഷത്തിനിടെ ഇസ്രായേലിന്‍റെ അധിനിവേശത്തിൽ പലായനം ചെയ്യേണ്ടിവന്ന ദശലക്ഷക്കണക്കിന് ഫലസ്തീനികളുണ്ട്. ഇവരെ തിരികെ സ്വന്തം മണ്ണിലേക്ക് എത്തിക്കാൻ കഴിയുന്ന രാഷ്ട്രീയസാഹചര്യം ഉരുത്തിരിയണമെന്നതാണ് ഐക്യരാഷ്ട്രസഭയുടെ ആവശ്യം.