24 മണിക്കൂറിനുള്ളില്‍ ഇറാൻ ആക്രമണം? ഇസ്രായേൽ ഭയക്കുന്നതെന്ത്?

കടുത്ത നടപടികൾ വേണ്ടെന്ന നിലപാടിലായിരുന്നു പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനെങ്കിൽ ശക്തകമായ തിരിച്ചടി തന്നെ നൽകണമെന്നാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Update: 2024-08-12 17:14 GMT
Editor : Shaheer | By : Web Desk
Advertising

തെഹ്‌റാൻ: ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നാലെ ഇസ്രായേലിൽ കനത്തുനിൽക്കുന്ന യുദ്ധഭീതി കൂടുതൽ ശക്തമാക്കുന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. ഏതാനും മണിക്കൂറുകൾക്കകം ഇറാൻ തങ്ങളെ ആക്രമിക്കുമെന്ന വാർത്ത ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് ഇസ്രായേൽ ഭരണകൂടം തന്നെയാണ്. 24 മണിക്കൂറിനകം ആക്രമണമുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെ, ഇടപെടലുമായി ഫ്രാൻസ്, ജർമനി, ബ്രിട്ടൻ ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനോടാണ് ആദ്യമായി യുദ്ധഭീതി പങ്കുവച്ചത്. വലിയ തോതിലുള്ള സൈനിക ആക്രമണത്തിനാണ് ഇറാൻ കോപ്പുകൂട്ടുന്നതെന്ന് ഇസ്രായേലിനു വിവരം ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമമായ 'ആക്‌സിയോസ്' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് വാർത്താ കുറിപ്പിലൂടെ ഗാലന്റ് ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തു. ആക്രമണമുണ്ടായാൽ സ്വീകരിക്കേണ്ട തുടർനടപടികളും സേനാ നീക്കവുമെല്ലാം ഇരുനേതാക്കളും ചർച്ച ചെയ്തതായാണു വിവരം.

ഇസ്രായേലാണ് ഹനിയ്യയുടെ കൊലയ്ക്കു പിന്നിലെന്നും ഇതിനു കണക്കുചോദിക്കുമെന്നും നേരത്തെ ഇറാൻ വ്യക്തമാക്കിയതാണ്. ശക്തമായ തിരിച്ചടി തന്നെയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കടുത്ത നടപടികൾ വേണ്ടെന്നായിരുന്നു പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ നിലപാട്. എന്നാൽ, കടുത്ത ശിക്ഷ തന്നെ ഇസ്രായേലിനു നൽകണമെന്നാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറാൻ റെവല്യൂഷനറി ഗാർഡ് ആക്രമണത്തിനു പൂർണ സജ്ജമായിരിക്കുകയാണ്.

നേരത്തെ, കഴിഞ്ഞ ഏപ്രിൽ 13, 14 തിയതികളിൽ ഇസ്രായേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലെ തങ്ങളുടെ എംബസിക്കു നേരെ നടന്ന ഇസ്രായേൽ ആക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഇത്. എംബസി ആക്രമണത്തിൽ രണ്ട് ഇറാൻ സൈനിക തലവന്മാർ കൊല്ലപ്പെട്ടിരുന്നു. ലബനാനിലെ ഹിസ്ബുല്ല, ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റൻസ്, ഹൂതികൾ എന്നിവയുമായി ചേർന്നായിരുന്നു ഇറാന്റെ തിരിച്ചടി. ഇറാൻ, ഇറാഖ്, ലബനാൻ, യമൻ എന്നീ നാലു രാജ്യങ്ങളിൽനിന്നുമായിരുന്നു ഇസ്രായേൽ ലക്ഷ്യമാക്കിയുള്ള ആക്രമണം. ഇതിൽ ഇസ്രായേലിന്റെ നെവാറ്റിം, രമോൺ വ്യോമതാവളങ്ങൾ ഭാഗികമായി തകർന്നു. രമോണിനും നെവാറ്റിമിനും നേരെ നൂറുകണക്കിനു റോക്കറ്റുകളും മിസൈലുകളും പതിച്ചു. ഗോലാൻ കുന്നുകളിലെ ഇസ്രായേൽ നിരീക്ഷണകേന്ദ്രത്തിൽ വൻ നാശമാണ് ആക്രമണം വിതച്ചത്. എന്നാൽ, കാര്യമായ ആളപായം സംഭവത്തിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.

ഇസ്രായേലിനുനേരെയുള്ള ഇറാന്റെ നേരിട്ടുള്ള ആദ്യ ആക്രമണം കൂടിയായിരുന്നു കവിഞ്ഞ 2024 ഏപ്രിലിൽ നടന്നത്. ഇത്തവണ പക്ഷേ, കാര്യങ്ങൾ അവിടെ നിൽക്കുമെന്ന് ഇസ്രായേൽ വിചാരിക്കുന്നില്ല. കടുത്ത ആക്രമണം തന്നെ ഇസ്രായേൽ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് 'ഇസ്രായേൽ ടൈംസ്' റിപ്പോർട്ട് ചെയ്തത്.

എന്നാൽ, ഇസ്രായേലിനെതിരെ മനഃശാസ്ത്ര യുദ്ധമാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നാണ് ഒരു സർക്കാർ വൃത്തം 'ഫിനാൻഷ്യൽ ടൈംസി'നോട് വെളിപ്പെടുത്തിയത്. ഏതു സമയത്തും ആക്രമണമുണ്ടാകാമെന്ന ഭീതിയിൽ ഇസ്രായേലിനെ നിർത്തുകയാണു ലക്ഷ്യം. ഇസ്രായേൽ സുരക്ഷാ, സൈനിക സംവിധാനങ്ങളെ മുൾമുനയിൽ നിർത്തുകയും അധിനിവിഷ്ട പ്രദേശങ്ങളിൽ കഴിയുന്നവരെ സൈ്വര്യമായി ജീവിക്കാൻ അനുവദിക്കാതിരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യനിമിടുന്നതെന്നുമാണ് ഇറാൻ ഉദ്യോഗസ്ഥൻ പറയുന്നത്.

അതിനിടെ, പശ്ചിമേഷ്യയിൽ കൂടുതൽ സൈനിക സജ്ജീകരണങ്ങൾ എത്തിച്ചിട്ടുണ്ട് അമേരിക്ക. ഏറ്റവുമൊടുവിൽ പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ മിസൈൽ വാഹിനിക്കപ്പലുകളും പോർവിമാനങ്ങളും മേഖലയിലേക്ക് അയയ്ക്കാൻ ലോയ്ഡ് ഓസ്റ്റിൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, പശ്ചിമേഷ്യയെ സംഘർഷഭൂമിയാക്കരുതെന്ന് ഫ്രാൻസും ജർമനിയും ബ്രിട്ടനും ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവർ ഇറാൻ നേതാക്കളെ നേരിൽ ബന്ധപ്പെട്ടു കഴിഞ്ഞതായാണു വിവരം.

Summary: ''Iran could attack Israel in next 24 hours'': Israel media report

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News