ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യം വെക്കാനുതകുന്ന നവീന ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ
തെൽ അവീവ്, ഹൈഫ എന്നീ ഇസ്രായേൽ നഗരങ്ങളിൽ നാശം വിതക്കാനുതകുന്ന ഡ്രോണിന് 'അറാഷ് രണ്ട്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്
ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യം വെക്കാനുതകുന്ന നവീന ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ. തെൽ അവീവ്, ഹൈഫ എന്നീ ഇസ്രായേൽ നഗരങ്ങളിൽ നാശം വിതക്കാനുതകുന്ന ഡ്രോണിന് 'അറാഷ് രണ്ട്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ആണവ പദ്ധതിയുടെ പേരിൽ ഇറാനെതിരെ സ്വന്തം നിലക്ക് ആക്രമണം നടത്താൻ രാജ്യം സജ്ജമാണെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർച്ചയായ ഇസ്രായേൽ താക്കീത് മുൻനിർത്തിയാണ് അറാശ് രണ്ട് എന്ന ഡ്രോൺ വികസിപ്പിച്ചെടുത്തതെന്ന് ഇറാൻ കരസേനാ കമാണ്ടർ കിയോമസ് ഹൈദരി അറിയിച്ചു. ഇസ്രായേൽ നഗരങ്ങളിൽ വ്യാപകനാശം വിതക്കാൻ ഡ്രോണിന് സാധിക്കുമെന്നാണ്. ഇറാൻ സൈന്യത്തിന്റെ അവകാശവാദം. പിന്നിട്ട ഒരാഴ്ചക്കകം വികസിപ്പിച്ചെടുത്ത ഡ്രോൺ ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് പ്രത്യേകമായ തയാർ ചെയ്തതാണെന്ന് വ്യക്തമാക്കാനും സൈന്യം മറന്നില്ല. ഭാവി സൈനികാഭ്യാസങ്ങളിൽ പുതിയ ഡ്രോണിന്റെ ക്ഷമത പരീക്ഷിക്കുമെന്നും സൈനിക കമാണ്ടർ വ്യക്തമാക്കി. സാറ്റലൈറ്റ് നിയന്ത്രിത മിസൈലുകൾക്കും ഇറാൻ രൂപം നൽകിയതായി സൈന്യം വെളിപ്പെടുത്തി.
സ്വന്തം നിലക്ക് ഏതൊരു സൈനിക നീക്കവും നടത്താൻ യു.എസ് പ്രസിഡൻറ് ജോബൈഡൻ അനുമതി നൽകിയതായി കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഇസ്രായേലിൻറ സൈനികക്ഷമത അനുഭവിച്ചറിയുമെന്നും പ്രധാനമന്ത്രി ഇറാന് താക്കീതും നൽകി. ഈ സാഹചര്യത്തിലാണ് സൈനികാഭ്യാസങ്ങളിലൂടെയും ആയുധങ്ങൾ വികസിപ്പിച്ചും ഇറാൻ ഇസ്രായേലിന് വ്യക്തമായ സന്ദേശം നൽകുന്നത്.
സൈനികമായല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്ന നിലപാടാണ് ഗൾഫ് രാജ്യങ്ങൾക്കുള്ളത്. ഇക്കാര്യം അമേരിക്കൻ നേതൃത്വത്തെ ജി.സി.സി അറിയിച്ചതുമാണ്. ഇറാൻ ആണവ പദ്ധതിയെ ഒരു നിലക്കും അംഗീകരിക്കില്ലെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണ തോത് ഗണ്യമായി ഉയർത്തി ആണവായുധ നിർമാണത്തിലേക്ക് കടക്കുകയാണ് ഇറാൻ നീക്കമെന്നാണ് ഇസ്രായേൽ കുറ്റപ്പെടുത്തൽ. ഇറാെൻറ സമീപകാല നടപടികൾ സംശയാസ്പദമാണെന്ന് അന്താരാഷ്ട്ര ആണവോർജ സമിതിയും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു.