'ഇറാന്റെ കൈവശം ആണവായുധം ഇല്ലാതാക്കലാണ് അമേരിക്കയുടെ ലക്ഷ്യം': ചർച്ചക്ക് മുന്നോടിയായി ട്രംപ്
നിരന്തരം ഭീഷണികൾ മുഴക്കിയിട്ടും അമേരിക്കയുമായുള്ള ചർച്ചകളോട് സഹകരിക്കുന്നതിന് ഇറാനെ അഭിനന്ദിക്കണമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധി
ഡോണള്‍ഡ് ട്രംപ് -വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്
ന്യൂയോര്‍ക്ക്: ഇറാന്റെ കൈവശം ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്.
ഒമാനില്‍ വെച്ച് നടക്കുന്ന അമേരിക്കയുടെയും ഇറാന്‍റെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ചയ്ക്ക് മുന്നോടിയായിട്ടാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നാണ് ചര്‍ച്ച. അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് ഇറാനിയൻ പ്രതിനിധി സംഘവുമായി ചർച്ച നടത്തുന്നത്.
'' ഇറാനുമായുള്ള ചര്‍ച്ചകള്‍ നേരിട്ട് തന്നെയായിരിക്കും. ഇറാനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞാൻ പ്രസിഡന്റുമായി(ട്രംപ്) സംസാരിച്ചു. ഇറാനിൽ ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക എന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസ് സംഘത്തോടും പലതവണ ഇക്കാര്യം പറഞ്ഞിട്ടുണ്ട്''- കരോലിൻ ലീവിറ്റ് പറഞ്ഞു.
നയതന്ത്രത്തിൽ ട്രംപ് വിശ്വസിക്കുന്നുവെന്നും എന്നാൽ നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കുന്നു. ആണവ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ പ്രത്യാഘതം ഉണ്ടാകുമെന്നും ട്രംപ് ഭീഷണി മുഴക്കുന്നു.
അതേസമയം നിരന്തരം ഭീഷണികള്‍ മുഴക്കിയിട്ടും ചര്‍ച്ചകളോട് സഹകരിക്കുന്നതിന് ഇറാനെ അഭിനന്ദിക്കണമെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധി വ്യക്തമാക്കി. ട്രംപ് വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഇറാനെതിരെ നിരന്തരം ഭീഷണികളാണ് അദ്ദേഹം നടത്തുന്നത്. ആണവ പദ്ധതി അവസാനിപ്പിച്ചില്ലെങ്കില്‍ ഇറാനെതിരെ സൈനിക ശക്തി പ്രയോഗിക്കുമെന്നായിരുന്നു ഇതിന് മുമ്പത്തെ ട്രംപിന്റെ ഭീഷണി. യുദ്ധത്തെ ഇസ്രായേൽ നയിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.