സ്‌കൂളിൽ പോകുന്നത് തടയാൻ ഇറാനിൽ പെൺകുട്ടികൾക്ക് വിഷം കലർത്തി നൽകുന്നതായി റിപ്പോർട്ട്

തെഹ്‌റാന്റെ തെക്കു ഭാഗത്തുള്ള കോമിൽ വിഷബാധയേറ്റ് നിരവധി പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Update: 2023-02-28 12:21 GMT
Advertising

തെഹ്റാൻ: ഇറാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിർത്തലാക്കുകയെന്ന ലക്ഷ്യത്തോടെ അവർക്ക് വിഷം കലർത്തി നൽകുന്നതായി റിപ്പോർട്ട്. നവംബർ അവസാനം മുതൽ, പ്രധാനമായും തെഹ്‌റാന്റെ തെക്കു ഭാഗത്തുള്ള കോമിൽ സ്കൂൾ വിദ്യാർഥിനികൾക്കിടയിൽ നൂറുകണക്കിന് പേർക്ക് ശ്വാസകോശ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് മനഃപൂർവം ചിലർ വിഷം കലർത്തി നൽകിയതു മൂലമാണെന്നാണ് റിപ്പോർട്ട്.

കോമിലെ സ്‌കൂൾ വിദ്യാർഥിനികൾക്ക് ചിലർ വിഷം നൽ‍കുകയാണെന്ന് ഇറാൻ ഉപവിദ്യാഭ്യാസ മന്ത്രി യൂനസ് പനാഹി ഞായറാഴ്ച അവകാശപ്പെട്ടു. "എല്ലാ സ്‌കൂളുകളും, പ്രത്യേകിച്ച് പെൺകുട്ടികളുടെ സ്‌കൂളുകൾ അടച്ചുപൂട്ടണമെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്"- പനാഹി ഒരു പ്രാദേശിക വാർത്താ ചാനലിനോട് പറഞ്ഞു.

എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പനാഹി തയാറായില്ല. ഇറാനിലെ ​ഗേൾസ് സ്‌കൂളുകളിൽ അടുത്തിടെയുണ്ടായ കൂട്ട രോഗങ്ങൾക്ക് കാരണമായത് രാസ സംയുക്തങ്ങൾ ഉപയോഗിച്ചുള്ള ബോധപൂർവമായ വിഷം കലർത്തലാണെന്ന് ഒരു മുതിർന്ന ഇറാനിയൻ ആരോഗ്യ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

കോമിൽ വിഷബാധയേറ്റ് നിരവധി പെൺകുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്‌കൂൾ വിദ്യാർഥിനികൾക്കിടയിൽ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾ അധികാരികളിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു.

ഫെബ്രുവരി 14ന്, രോഗബാധിതരായ വിദ്യാർഥികളുടെ രക്ഷിതാക്കൾ നഗര ഗവർണറേറ്റിന് പുറത്ത് അധികാരികളിൽ നിന്ന് വിശദീകരണം ആവശ്യപ്പെടാൻ ഒത്തുകൂടിയതായി ഐ.ആർ.എൻ.എ‌ റിപ്പോർട്ട് ചെയ്തു. വിഷബാധയുടെ കാരണം കണ്ടെത്താൻ ഇന്റലിജൻസ്, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് സർക്കാർ വക്താവ് അലി ബഹദോരി ജഹ്റോമി പറഞ്ഞതായി എ.എഫ്‌.പി റിപ്പോർട്ട് ചെയ്യുന്നു.

സ്ത്രീകളുടെ ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇറാനും ചൈനയും അയൽരാജ്യമായ അഫ്ഗാനോട് ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് വിഷബാധ റിപ്പോർട്ട് ചെയ്തത്. 22കാരിയായ മഹ്‌സ അമിനിയുടെ പൊലീസ് കസ്റ്റഡി മരണത്തിൽ ഇറാൻ ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News