'ഇസ്രായേലിനെതിരായ പോരാട്ടത്തില്‍ ഹിസ്ബുല്ല ഒറ്റയ്ക്കാകില്ല'; പിന്തുണ പ്രഖ്യാപിച്ച് ഇറാൻ

ഇസ്രായേൽ ആക്രമണത്തിനു മുന്നിൽ നിസ്സംഗമായി നിൽക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു

Update: 2024-09-24 13:12 GMT
Editor : Shaheer | By : Web Desk
Advertising

തെഹ്‌റാൻ: ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുല്ലയ്ക്ക് പിന്തുണ ഉറപ്പുനൽകി ഇറാൻ. ഇസ്രായേലിനെതിരായ പോരാട്ടത്തിൽ ഹിസ്ബുല്ല ഒറ്റയ്ക്കാകില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. ലബനാനിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം.

പടിഞ്ഞാറൻ രാജ്യങ്ങളും അമേരിക്കയുമെല്ലാം പിന്തുണയ്ക്കുകയും സഹായിക്കുകയും പ്രതിരോധമൊരുക്കുകയും ചെയ്യുന്ന രാജ്യത്തിനെതിരായ പോരാട്ടത്തിൽ ഹിസ്ബുല്ല ഒറ്റയ്ക്കാകരുതെന്ന് സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ പെസഷ്‌കിയാൻ പറഞ്ഞു. ലബനാനെ മറ്റൊരു ഗസ്സയാക്കാൻ അന്താരാഷ്ട്ര സമൂഹം അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൂടുതൽ ആക്രമണങ്ങളിൽനിന്ന് ഹിസ്ബുല്ലയെ പിന്തിരിപ്പിക്കാൻ ഇറാൻ ഇടപെടുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുയായിരുന്നു മസൂദ് പെസഷ്‌കിയാൻ.

ഇസ്രായേൽ യുദ്ധക്കൊതിയുമായി നടക്കുകയാണെന്നാണ് ഇറാൻ പ്രസിഡന്റ് ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. യുഎൻ വാർഷിക പൊതുസഭയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ആഗോളതലത്തിൽ ഒരാൾക്കും അതു ഗുണമാകില്ലെന്ന് മറ്റാരെക്കാളും ഞങ്ങൾക്ക് അറിയാം. ഇവിടെ ഇസ്രായേലാണ് ആക്രമണം വിപുലമാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ 100 വർഷത്തിനിടെ ഇറാൻ ഒരു യുദ്ധത്തിനും തുടക്കം കുറിച്ചിട്ടില്ല. എന്നാൽ, ഇറാന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയുയർത്താൻ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നും മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രായേൽ ആക്രമണത്തിനു മുന്നിൽ നിസ്സംഗമായി നിൽക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ ലബനാൻ-ഫലസ്തീൻ ജനതയ്‌ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്രായേലിന്റെ ഭ്രാന്തമായ ആക്രമണത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഎൻ രക്ഷാസമിതിയിൽ ആവശ്യമുയർത്തുകയും ചെയ്തിട്ടുണ്ട് ഇറാൻ.

തിങ്കളാഴ്ച മുതൽ ലബനാനിൽ നടക്കുന്ന ഇസ്രായേൽ ആക്രമണത്തിൽ 558 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 50 കുട്ടികളും ഉൾപ്പെടും. തെക്കൻ-കിഴക്കൻ ലബനാൻ ലക്ഷ്യമിട്ടാണു പ്രധാനമായും ആക്രമണം നടക്കുന്നത്. 1,600 ഹിസ്ബുല്ല താവളങ്ങൾ ആക്രമിച്ചെന്നാണ് ഇസ്രായേൽ അവകാശവാദം.

Summary: Iran president Masoud Pezeshkian says Hezbollah 'cannot stand alone' against Israel

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News