'സമാധാനം വേണം, മിഡിൽ ഈസ്റ്റിനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ഇസ്രായേൽ ആഗ്രഹിക്കുന്നു': ഇറാൻ പ്രസിഡന്‍റ്
യുദ്ധം മേഖലയാകെ വ്യാപിച്ചാൽ തിരിച്ചുപോക്കില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഇറാൻ പ്രസിഡന്റ് നൽകി
ന്യൂയോര്‍ക്ക്: മിഡിൽ ഈസ്റ്റിനെ ഒരു സമ്പൂർണ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മസൂദ് പെസഷ്കിയാൻ.
''മിഡിൽ ഈസ്റ്റിലെ അസ്ഥിരതയ്ക്ക് കാരണമാവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, കാരണം ഒരിക്കലും തിരിച്ചുപോകാനാവാത്ത വിധമുള്ള പ്രത്യാഘാതങ്ങളായിക്കും അത് വരുത്തിതീര്‍ക്കുക''- പെസഷ്കിയാന്‍ മുന്നറിയിപ്പ് നല്‍കി. ഞങ്ങൾ സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾക്ക് യുദ്ധം ആവശ്യമില്ല, സമ്പൂർണ്ണ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ഇസ്രായേലാണ്''- അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ അന്താരാഷ്ട്ര സമൂഹം മൗനം പുലർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇറാൻ ഭാഗമാകുമോയെന്ന ചോദ്യത്തിന് പെസഷ്കിയാൻ വ്യക്തമായ മറുപടി നൽകിയില്ല. സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഏതൊരു ഗ്രൂപ്പിനെയും ഞങ്ങൾ സംരക്ഷിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം യുദ്ധഭീതിയിൽ തെക്കൻ ലബനാനിൽ നിന്ന് നിരവധിപേരാണ് കൂട്ടപ്പലായനം ചെയ്യുന്നത്. ഇസ്രായേൽ നടത്തിയ വ്യാപക വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 492 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഹിസ്ബുല്ലയുടെ തിരിച്ചടിയിൽ വ്യാപക നാശനഷ്ടമുണ്ടായ പശ്ചാത്തലത്തിൽ ഇസ്രായേലിൽ അടിയന്തരാവസ്ഥ തുടരുകയാണ്. അതിനിടെ സംഘർഷം വലിയ യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയണമെന്ന് ലോക നേതാക്കളും ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടു.