‘ഹനിയ്യയുടെ രക്തം ഒരിക്കലും പാഴാകില്ല’; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ

ഹനിയ്യയുടെ കൊലപാതകം ഗസ്സയിലെ വെടിനിർത്തൽ ചർച്ചകളെ പ്രതികൂലമായി ബാധിക്കും

Update: 2024-07-31 07:23 GMT
Advertising

തെഹ്റാൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ. അദ്ദേഹത്തിന്റെ രക്തം ഒരിക്കലും പാഴാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് നാസർ ഖനാനി പറഞ്ഞു. ഹനിയ്യയുടെ തെഹ്റാനിലെ രക്തസാക്ഷിത്വം ഇറാനും ഫലസ്തീനും അവരുടെ ചെറുത്തുനിൽപ്പും തമ്മിലുള്ള അഭേദ്യമായ ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹനിയ്യയുടെ കൊലപാതകത്തിൽ ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ സൈനിക മുൻ കമാൻഡർ ഇൻ ചീഫ് മൊഹ്സിൻ റഈസി മുന്നറിയിപ്പ് നൽകി.

ഇറാനിന് പുറത്തുനിന്നുള്ള മിസൈൽ ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. പ്രാദേശിക സമയം പുലർച്ച രണ്ട് മണിക്കാണ് ആക്രമണം ഉണ്ടാകുന്നത്. നഗരത്തിന്റെ വടക്ക് ഭാഗത്ത് വിമുക്ത സൈനികർക്കായുള്ള പ്രത്യേക വസതിയിലാണ് ഹനിയ്യയും അംഗരക്ഷകനുമുണ്ടായിരുന്നത്. രണ്ടുപേരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ​ങ്കെടുക്കാൻ എത്തിയതായിരുന്നു ഇസ്മാഈൽ ഹനിയ്യ.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പിന്നിൽ ഇസ്രായേലെന്നാണ് ഹമാസ് ആരോപിക്കുന്നത്. സംഭവത്തിൽ ഇറാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹനിയ്യയുടെ കൊലപാതകം ഗസ്സയിലെ വെടിനിർത്തൽ ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രായോഗിക നേതാവ് കൂടിയായിരുന്ന അദ്ദേഹം സമാധാന ചർച്ചകളിൽ സജീവമായിരുന്നു. കൂടാതെ ഫലസ്തീനിലെ എല്ലാ വിഭാഗം സംഘടനകളുമായും അദ്ദേഹം മികച്ച ബന്ധം പുലർത്തി.

ഹനിയ്യയെ കൊലപ്പെടുത്തിയത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. കൊലപാതകത്തെ അപലിച്ച അദ്ദേഹം ഇത് ഭീരുത്വവും അപകടകരവുമായ സംഭവമാണെന്നും കുറ്റപ്പെടുത്തി. ഇസ്രായേൽ അധിനിവേശത്തിന് മുന്നിൽ ക്ഷമയും ദൃഢതയും പുലർത്താനും ഫലസ്തീനികളോട് ഒന്നിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഹമാസിന്റെയും ഫലസ്തനീകളുടെയും ഇച്ഛാശക്തിയെ തകർക്കാനും വ്യാജ ലക്ഷ്യങ്ങൾ നേടിയെടുക്കാനും വേണ്ടിയാണ് ഇസ്രായേൽ അധിനിവേശം ഇസ്മാഈൽ ഹനിയ്യയെ കൊലപ്പെടുത്തിയതെന്ന് മുതിർന്ന ഹമാസ് നേതാവ് സാമി അബു സുഹ്‍രി പറഞ്ഞു. ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ അവർ പരാജയപ്പെടും. ഹമാസ് ഒരു ഒരു വ്യക്തിയല്ല, അതൊരു ആശയവും പ്രസ്ഥാനവുമാണ്. ത്യാഗങ്ങൾ വകവെക്കാതെ ഹമാസ് ഈ പാതയിൽ തുടരും. വിജയിക്കുമെന്നതിൽ ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹനിയ്യയുടെ കൊലപാതക​ത്തിൽ തുർക്കിയും അപലപിച്ചു. തെഹ്റാനിൽ നടന്നത് ലജ്ജാകരമായ കൊലപാതകമാണ്. ഗസ്സയിലെ യുദ്ധത്തെ കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആക്രമണം. ഇസ്രായേലിനെ ഇതിൽനിന്ന് തടയാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നില്ലെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ ആക്രമണം ഫലസ്തീൻ ചെറുത്തുനിൽപ്പിനും ഹമാസിനും എതിരെ മാത്രമുള്ളതല്ല, ഇറാനെ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ഫലസ്തീനിലെ ഇസ്‍ലാമിക് ജിഹാദ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മുഹമ്മദ് അൽ ഹിന്ദി പറഞ്ഞു. ഇസ്രായേൽ തകർച്ചയുടെ വക്കിലാണ്. അതിന്റെ പ്രതികരണങ്ങൾ ആശയക്കുഴപ്പവും ലക്ഷ്യങ്ങളൊന്നും നേടാനുള്ള കഴിവില്ലായ്മയും പ്രതിഫലിക്കുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇസ്രായേൽ ഇത്തരത്തിലുള്ള ചെറുത്തുനിൽപ്പ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത രാഷ്ട്രീയ കൊലപാതകമാണെന്ന് റഷ്യൻ വിദേശകാര്യ സഹമന്ത്രി മിഖായേൽ ബോഗ്ദനോവ് പറഞ്ഞു. കൊലപാതകം കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹനിയ്യയെ ലക്ഷ്യമിട്ടത് ഹീനമായ തീവ്രവാദ കുറ്റകൃത്യവും നിയമങ്ങളുടെയും ആദർശ മൂല്യങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും യെമനിലെ ഹൂതി നേതാവ് മുഹമ്മദ് അലി ഹൂതി പറഞ്ഞു.

അതേസമയം, മാലിന്യത്തിൽനിന്ന് ലോകത്തെ ശുദ്ധീകരിക്കാനുള്ള യഥാർഥ മാർഗമാണിതെന്നാണ് ഇസ്രായേൽ മന്ത്രി അമിചൈ എലിയഹു പറഞ്ഞു. ഇനി സാങ്കൽപ്പിക സമാധാന/കീഴടങ്ങൽ കരാറുകളില്ല. കരുണയുമുണ്ടാകില്ല. സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഇരുമ്പ് കരങ്ങളാണ് അവരെ ആക്രമിക്കുന്നത്. ഹനിയ്യയുടെ മരണം ഈ ലോകത്തെ കുറച്ചുകൂടി മെച്ചപ്പെടു​ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News