ഹിസ്ബുല്ലയ്ക്ക് പിന്തുണയുമായി ഇറാഖി സായുധ സംഘവും; ഇസ്രായേൽ തുറമുഖ നഗരത്തില്‍ മിസൈൽ ആക്രമണം
തെക്കൻ ഇസ്രായേലിലെ തുറമുഖ നഗരമായ ഐലാത്തിലെ തന്ത്രപ്രധാന കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു 'ഇസ്‌ലാമിക് റെസിസ്റ്റൻസ്' ആക്രമണം
ബഗ്ദാദ്/തെൽഅവീവ്: ഹിസ്ബുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേലിൽ ആക്രമണത്തിനു തുടക്കമിട്ട് ഇറാഖി സായുധ സംഘം. ഇറാഖിൽനിന്നെത്തിയ മിസൈലുകൾ തെക്കൻ ഇസ്രായേലിലെ തുറമുഖ നഗരമായ ഐലാത്തിൽ പതിച്ചെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ പറയുന്നു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ചെങ്കടൽ വഴിയാണ് ആക്രമണമുണ്ടായത്. നഗരം ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും എത്തിയതായാണു വിവരം. അൽഅർഖാബ് ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇറാൻ വാർത്താ ഏജൻസി 'ഇർന'യെ ഉദ്ധരിച്ച് ജെറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഐലാത്ത് നഗരത്തിൽ സ്‌ഫോടക വസ്തുക്കൾ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇവിടെ ചരക്കുകൾ സൂക്ഷിക്കുന്ന ഒരു ഗോഡൗൺ ആക്രമണത്തിൽ തകർന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 68ഉം 28ഉം പ്രായമുള്ള രണ്ടുപേർക്കാണു സംഭവത്തിൽ പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഇസ്രായേൽ അധികൃതർ പറഞ്ഞു. രണ്ടാമത്തെ ഡ്രോൺ നാവികസേനയുടെ മിസൈൽവേധ സംവിധാനം നിർവീര്യമാക്കിയതായും ഐഡിഎഫ് അവകാശപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാഖി സാധുയ സംഘമായ 'ഇസ്‌ലാമിക് റെസിസ്റ്റൻസ്' ഏറ്റെടുത്തിട്ടുണ്ട്. തെക്കൻ ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സംഘം പറഞ്ഞു.
ഗസ്സ ആക്രമണത്തിൽ തിരിച്ചടിയായി നേരത്തെയും ഇസ്രായേലിനു നേരെ 'ഇസ്‌ലാമിക് റെസിസ്റ്റൻസ്' ആക്രമണം നടത്തിയിരുന്നു. ഗസ്സ ആക്രമണം അവസാനിപ്പിക്കുംവരെ ആക്രമണം തുടരുമെന്നാണ് സംഘം നേരത്തെ അറിയിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ ഹിസ്ബുല്ലയ്ക്കും സംഘം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Summary: Drone fired by Iraq’s Islamic Resistance hits Israel’s Eilat port after declaring support to Hezbollah