'ഹനിയ്യ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലല്ല'; വെളിപ്പെടുത്തി ദൃക്‌സാക്ഷികള്‍

രണ്ടു മാസം മുന്‍പ് തെഹ്‌റാനിലേക്ക് അതീവരഹസ്യമായി ഒളിച്ചുകടത്തിയ ബോംബുകള്‍ ഇസ്മാഈല്‍ ഹനിയ്യ താമസിച്ച ഗസ്റ്റ് ഹൗസിനു താഴെ സ്ഥാപിച്ചിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്

Update: 2024-08-03 10:05 GMT
Editor : Shaheer | By : Web Desk

ഇസ്മാഈല്‍ ഹനിയ്യ താമസിച്ച തെഹ്റാനിലെ ഗസ്റ്റ് ഹൗസ്(വലത്ത്)

Advertising

തെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടത് നേരത്തെ സ്ഥാപിച്ച ബോംബുകള്‍ പൊട്ടിത്തെറിച്ചാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദൃക്‌സാക്ഷികള്‍. ഹനിയ്യ താമസിച്ച മുറി ലക്ഷ്യമാക്കി പുറത്തുനിന്ന് എത്തിയ മിസൈല്‍ പതിച്ചാണ് മരണം സംഭവിച്ചതെന്നാണു പുതിയ വെളിപ്പെടുത്തല്‍. തെഹ്‌റാനിലെ ഗസ്റ്റ് ഹൗസില്‍ ഹനിയ്യയുടെ അടുത്ത മുറികളില്‍ താമസിച്ചവരാണ് അന്താരാഷ്ട്ര മാധ്യമമായ 'മിഡിലീസ്റ്റ് ഐ'യോട് സംഭവത്തെ കുറിച്ചു വിവരിച്ചത്.

വന്‍ സ്‌ഫോടനത്തില്‍ കെട്ടിടം കിടുങ്ങുകയായിരുന്നുവെന്ന് ഹനിയ്യയുടെ മുറിക്കു തൊട്ടരികില്‍ താമസിക്കുന്ന ഒരാള്‍ പറഞ്ഞു. ഇതിനുമുന്‍പ് തന്നെ ഉഗ്രശബ്ദം കേട്ടതായി അദ്ദേഹം വെളിപ്പെടുത്തി. മിസൈല്‍ ശബ്ദം പോലെയായിരുന്നു അത്. ബോംബ് പൊട്ടിത്തെറിച്ചതല്ല, മിസൈല്‍ തന്നെയാണെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിനു പിന്നാലെ ഹനിയ്യയുടെ മുറിയുടെ മേല്‍ക്കൂരയും പുറത്തുനിന്നുള്ള ചുമരും തകര്‍ന്നിരുന്നതായി ഇതേ കെട്ടിടത്തില്‍ മറ്റു നിലകളില്‍ താമസിക്കുന്ന രണ്ടുപേര്‍ ചൂണ്ടിക്കാട്ടി.

ഹനിയ്യയെ നേരിട്ടു ലക്ഷ്യമിട്ട് എത്തിയ മിസൈല്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സംഭവത്തിനു പിന്നാലെ മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ തെഹ്‌റാനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. മേഖലയെ ഒരു യുദ്ധത്തിലേക്കു കൊണ്ടുപോകാന്‍ ഹമാസും ഇറാനും ലക്ഷ്യമിടുന്നില്ലെങ്കിലും ഹനിയ്യയുടെ കൊലയ്ക്കു പകരംവീട്ടുമെന്നും ഹയ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബോംബ് സ്‌ഫോടനത്തിലാണ് ഹമാസ് നേതാവ് കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്യന്താധുനികമായ ബോംബ് ആണു പൊട്ടിത്തെറിച്ചത്. രണ്ടു മാസം മുന്‍പ് തന്നെ തെഹ്‌റാനിലേക്ക് അതീവരഹസ്യമായി കടത്തിയ ബോംബ് ഹനിയ്യ താമസിച്ച മുറിക്കു താഴെ സ്ഥാപിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു. ഇറാന്‍-യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടത്.

എന്നാല്‍, ഇത്തരം വാദങ്ങള്‍ ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് തള്ളിയിട്ടുണ്ട്. മിസൈല്‍ ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിനു പിന്നില്‍ ഇസ്രായേലിന്റെ കരങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രായേലും ഇതുവരെ പരസ്യമായി ഉത്തരവാദിത്തമൊഴിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ചു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി. ലബനാനില്‍ മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് ഫുആദ് ശുക്‌റിനെ വധിച്ചതൊഴിച്ചാല്‍, ആ ദിവസം രാത്രി പശ്ചിമേഷ്യയില്‍ എവിടെയും തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നായിരുന്നു വക്താവിന്റെ മറുപടി.

തെഹ്‌റാന്റെ വടക്കന്‍ മേഖലയിലെ ഒരു മലയോരത്ത് സ്ഥിതി ചെയ്യുന്ന ഗസ്റ്റ് ഹൗസിലാണ് അംഗരക്ഷകനൊപ്പം ഇസ്മാഈല്‍ ഹനിയ്യ താമസിച്ചിരുന്നത്. പഹ്ലവി രാജാക്കന്മാര്‍ നിര്‍മിച്ച സദാബാദ് കൊട്ടാരത്തിനു തൊട്ടരികെയാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇറാന്‍ റിപബ്ലിക്കന്‍ ഗാര്‍ഡിന്റെ സംരക്ഷണത്തിലുള്ള ഗസ്റ്റ് ഹൗസില്‍ ഹനിയ്യയ്ക്കു പുറമെ പ്രത്യേക ക്ഷണിതാക്കളായി എത്തിയ വേറെയും ഫലസ്തീന്‍ അതിഥികളുണ്ടായിരുന്നുവെന്ന് ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മിഡിലീസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

അസര്‍ബൈജാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അല്‍ബോര്‍സ് പര്‍വതനിരയുടെ താഴ്‌വാരത്താണ് ഗസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഗസ്റ്റ് ഹൗസ് കോംപൗണ്ടിന്റെ തൊട്ടടുത്തൊന്നും മറ്റ് വീടുകളോ താമസകേന്ദ്രങ്ങളോ ഇല്ലെന്നാണ് ഗൂഗിള്‍ എര്‍ത്തിലെ ത്രീഡി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Summary: 'Ismail Haniyeh killed by a projectile fired at his room': eyewitnesses deny planted bomb claims

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News