ഹിസ്ബുല്ല ബെയ്റൂത്തിലെ ആശുപത്രിക്കടിയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ പണവും സ്വര്‍ണവും ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍

വളരെ കൃത്യതയോടെ ആസൂത്രിതമായിട്ടാണ് ആശുപത്രിയുടെ അടിയില്‍ ബങ്കര്‍ നിര്‍മിച്ചിരിക്കുന്നത്

Update: 2024-10-22 05:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെയ്റൂത്ത്: ബെയ്റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ നിര്‍മിച്ച രഹസ്യ ബങ്കറിനുള്ളില്‍ ഹിസ്‍ബുല്ല ദശലക്ഷക്കണക്കിന് ഡോളർ പണവും സ്വർണവും ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമായി ഇസ്രായേല്‍. ഇസ്രായേൽ വ്യോമസേന അൽ-സഹേൽ ആശുപത്രിക്ക് താഴെ സ്ഥിതി ചെയ്യുന്ന നിലവറ നിരീക്ഷിച്ചു വരികയാണെന്നും എന്നാൽ ഇതിനെ ലക്ഷ്യമിടാൻ പദ്ധതിയില്ലെന്നും ഇസ്രായേൽ പ്രതിരോധ സേനാ വക്താവ് റിയർ അഡ്മിറല്‍ ഡാനിയൽ ഹഗാരി പറഞ്ഞു.

ഇസ്രായേൽ തെറ്റായതും അപകീർത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ആശുപത്രിയിലെത്തി തെളിവുകള്‍ കാണിക്കാനും  സൈന്യത്തോട് ആവശ്യപ്പെട്ടതായി ഷിയാ പാര്‍ട്ടിയുടെ അമാൽ മൂവ്‌മെന്‍റിന്‍റെ നേതാവും ആശുപത്രി ഡയറക്ടറുമായ അൽ-സാഹെൽ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആശുപത്രി ഒഴിപ്പിക്കാന്‍ പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഹിസ്‍ബുല്ല ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

" വളരെ കൃത്യതയോടെ ആസൂത്രിതമായിട്ടാണ് ആശുപത്രിയുടെ അടിയില്‍ ബങ്കര്‍ നിര്‍മിച്ചിരിക്കുന്നത്. അതിനുള്ളില്‍  അര ബില്യൺ ഡോളറിലധികം പണവും സ്വർണവും ഉണ്ട്. ഞാൻ ലെബനീസ് സർക്കാരിനോടും ലബനാൻ അധികാരികളോടും അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെടുന്നു .. ഇസ്രായേലിനെ ആക്രമിക്കാന്‍ പണം ഉപയോഗിക്കാൻ ഹിസ്ബുല്ലയെ അനുവദിക്കരുത്,” ഹഗാരി പറഞ്ഞു.''ആ പണം ലബനാന്‍റെ പുനരധിവാസത്തിന് ഉപയോഗിക്കാമായിരുന്നു, പക്ഷേ അത് ഹിസ്ബുല്ലക്കാണ് പ്രയോജനപ്പെടുന്നത്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ഇസ്രായേൽ വധിച്ച ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസ്സൻ നസ്റുല്ലയാണ് ബങ്കർ നിർമിച്ചതെന്ന് ഹഗാരി ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. ലബനാൻ ജനതയിൽ നിന്ന് മോഷ്ടിച്ച പണം കണ്ടുകെട്ടണമെന്ന് ഇസ്രായേൽ ലബനാൻ സർക്കാരിനോട് അഭ്യർഥിച്ചു.

ഹിസ്ബുല്ലയുടെ പലിശരഹിത ജനകീയ ബാങ്കിങ്​ സംവിധാനമായ അൽ-ഖർദ് അൽ-ഹസൻ്റെ 30 ഓളം ബ്രാഞ്ചുകളില്‍ ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിൽ ഒറ്റരാത്രി കൊണ്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഹെർസി ഹലേവി പറഞ്ഞു. എന്നാൽ ആക്രമണത്തിനിടയിലും ബാങ്ക്​ സമ്പാദ്യം സുരക്ഷിതമാണെന്ന്​ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഹിസ്ബുല്ലയുടെ ധനകാര്യ സ്രോതസുകള്‍ക്കെതിരായ ആക്രമണം തുടരുമെന്ന് ഹഗാരി അറിയിച്ചു. ബെയ്​റൂത്തിലെ നിരവധി കെട്ടിടങ്ങളും ഇന്നലെ ഇസ്രായേൽ ആക്രമണത്തിൽ തകർന്നിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News